JHL

JHL

ഉംറ സര്‍വ്വീസിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിയണം-ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി


കാസര്‍കോട്(True News 4 September 2019): സൗദി സര്‍ക്കാറിന്റെ പുതിയ നിയമപ്രകാരം ഉംറ സര്‍വ്വീസില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണെന്നും അത് വ്യക്തമാക്കാതെ ചില സംഘടനകള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും ചെറിയ തുകയ്ക്ക് ഉംറ നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം നല്‍കിയും തീര്‍ത്ഥാടകരെ കബളിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് കാസര്‍കോട് ട്രാവല്‍ അസോസിയേഷന്‍ ഉംറ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം തട്ടിപ്പ് നടത്തുന്നവരെ തീര്‍ത്ഥാടകരും വിശ്വാസികളും തിരിച്ചറിയണം. പുതിയ നിയമപ്രകാരം സൗദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പാക്കേജില്‍ വിസയോടൊപ്പം തന്നെ അക്കമഡേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. ഇതോടെ കാര്യങ്ങള്‍ പഴയ പോലെ അല്ലാതാവുകയാണ്. ഈ സാഹചര്യത്തില്‍ ചെറിയ തുകയ്ക്ക് ഉംറ നിര്‍വ്വഹിക്കാമെന്ന് പരസ്യം നല്‍കി തീര്‍ത്ഥാടകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചില സംഘങ്ങള്‍ അഡ്വാന്‍സ് തുകയും വാങ്ങുന്നു. മക്കയില്‍ എത്തിച്ച ശേഷം തീര്‍ത്ഥാടകര്‍ക്ക് സൗകര്യമോ ഭക്ഷണമോ നല്‍കാതെ ദുരിതത്തിലാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്നത്തെ കണക്കനുസരിച്ച് ഒരാള്‍ക്ക് 60000 രൂപയുണ്ടെങ്കിലെ ഉംറ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും തെറ്റിദ്ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ തീര്‍ത്ഥാടകര്‍ വീഴരുതെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, വിവിധ ട്രാവല്‍സുകളെ പ്രതിനിധീകരിച്ച് നൂറുല്‍ ഹസന്‍, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക, ഷാജഹാന്‍, മൊയ്തീന്‍, ഹനീഫ ഹാജി, ഹംസ സഖാഫി, സുബൈര്‍ സംബന്ധിച്ചു.

No comments