JHL

JHL

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി ഡിക്കി അമ്മിയെ കുമ്പള പോലീസ് തന്ത്രപരമായി വലയിലാക്കി

ബന്തിയോട്(True News 14 September 2019) : മയക്കുമരുന്ന് കടത്തും മദ്യക്കടത്തും വധശ്രമവും ഉള്‍പ്പെടെ നിരവധി  കേസുകളിലെ പ്രതിയെ കുമ്പള  പോലീസ് തന്ത്രപരമായി പിടികൂടി. ബന്തിയോട് കുക്കാറിലെ അമീര്‍ അലി  എന്ന ഡിക്കി അമ്മിയാണ് കുമ്പള പോലീസിന്റെ വലയിലായത്. വീടാക്രമണം, ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി  ഭീഷണി, നിരവധി മോഷണം  തുടങ്ങിയ കേസുകളില്‍ പ്രതിയായ അമീര്‍ അലി  പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അമീറിന്റെ സുഹൃത്ത് പെര്‍മുദെയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ശനിയാഴ്ച രാവിലെ ബേക്കൂറിലെ ബന്ധുവീട്ടില്‍ അമീര്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ   കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, ക്രൈം എസ് ഐ രത്‌നാകരന്‍ പെരുമ്പള, പോലീസുകാരായ അഭിലാഷ്, പ്രതീഷ് ഗോപാലന്‍, ഡെന്നീസ് എന്നിവര്‍ വേഷം മാറി കാറില്‍ ഇവിടെ എത്തുകയയായിരുന്നു. കാര്‍ കണ്ടതോടെ അമീര്‍ വീടിന്റെ പിറകുവശത്തുവഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കാസറഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

ബന്തിയോട് വെച്ച് ഷിറിയയിലെ സിദ്ദീഖിനെ (34) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഡിക്കി അമ്മി. കേസില്‍ ബായാര്‍ മുളിഗദെയിലെ സൈനുല്‍ ആബിദ് (25) ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഡിക്കി അമ്മി പിടിയിലായത്.

criminal-kukkar-ammi-arrested-by-kumbla-police

No comments