JHL

JHL

അരാംകോ ആക്രമണത്തിന് പിന്നാലെ എണ്ണ വില കുതിക്കുന്നു; ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവ്.

റിയാദ് (True News 16 September 2019): സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.
ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കുകള്‍ ബാരലിന് 70 ഡോളറിന് മുകളിലേക്ക് പോയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കാരണമായത്. 

വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറില്‍ രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.92 എന്ന നിലയിലായിരുന്നു. 

ശനിയാഴ്ചയാണ് സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സൌദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് ഒഴുകിയിരുന്നു.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സൌദിയില്‍ നിന്നുണ്ടായി. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ സമയമെടുക്കും.
ഞായറാഴ്ചക്ക് ശേഷം വിപണി ഇന്ന് തുറന്നതോടെ എണ്ണ വില 60 ഡോളറില്‍ നിന്നും 71ലേക്കെത്തി. ഇന്നത്തെ മാത്രം വര്‍ധന 11.73 ഡോളറാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബ്രന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 19 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയില്‍ വില ബാരലിന് 15 ശതമാനം വര്‍ധിച്ച് 63.34 ഡോളറിലുമെത്തി. ആക്രമണത്തിന് പിന്നാലെ ഓഹരി വിപണിയിലും ഇടിവ് നേരിടുകയാണ്.
20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. 1990ല്‍ സദ്ദാം ഹുസൈന്‍റെ കുവൈത്ത് അധിനിവേശ കാലത്താണ് ഇതിനു മുന്പ് വില ഇതുപോലെ കുതിച്ചുയര്‍ന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം തുടരുകയായിരുന്നു ഉത്പാദക രാഷ്ട്രങ്ങള്‍. ഇപ്പോള്‍ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണ വില. വില വരും ദിനങ്ങളിലും തുടരുമെന്ന് സാന്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 80 ഡോളറിനടുത്ത് വരെ വില വര്‍ധിക്കുമെന്ന് ചില സാമ്പത്തിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സൗദി അരാംകോയുടെ മുഴുന്‍ പേര് സൗദി അറേബ്യന്‍ അമേരിക്കന്‍ ഓയില്‍ കമ്പനി എന്നാണ്. സൗദിയുടെ എണ്ണ ഖനനത്തില്‍ തുടക്കം മുതല്‍ സജീവമാണ് അമേരിക്ക. അരാംകോയിലുണ്ടായ ഉത്പാദന-വിതരണ കുറവ് നേരിടാന്‍ സൗദി അറേബ്യയും അമേരിക്കയും ശ്രമിക്കുന്നുണ്ട്. വിലക്കയറ്റം തടയാന്‍ അമേരിക്കയും സൗദിയും കരുതല്‍ എണ്ണ ശേഖരത്തില്‍ നിന്നും എണ്ണയെടുത്തേക്കും. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
5.7 ബില്യണ്‍ ബാരലാണ് സൗദിയില്‍ നിന്നുള്ള കുറവ്. ഇത് പരിഹരിക്കാന്‍ കരുതല്‍ എണ്ണ ശേഖരത്തില്‍ സൗദി രണ്ട് ദശലക്ഷം ബാരലാകും പ്രതിദിനം എടുക്കുക. എങ്കിലും 3.7 ബില്യണ്‍ ബാരലിന്റെ കുറവ് എന്നാലും വിപണിയിലുണ്ടാകും. ഇത് പരിഹരിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നാണ് സൂചന. എങ്കിലും എത്ര കുറവ് വരുത്തുമെന്നതില്‍ വ്യക്തതയില്ല.
ലോകത്തെ എറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖിലേത്. ഇവിടെ ഡ്രോണ്‍ പതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാശനഷ്ടം സംബന്ധിച്ച് അരാംകോയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 5.7 ദശലക്ഷം ബാരലിന്റെ കുറവ് ഉത്പാദനത്തില്‍ വന്നതായി അരാംകോ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും വില നിലകൊള്ളുക.
കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് എണ്ണ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതായത് മൂന്ന് ദിവസമെങ്കിലും എണ്ണ വില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല, എണ്ണക്കുറവ് നിലവില്‍ പരിഹരിക്കാന്‍ പോകുന്നത് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ്. അതു കൊണ്ടു തന്നെ വിതരണത്തില്‍ ഭീതി തുടരുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
crude-oil-price-hikes-due-to-drawn-attack-at-aramco

No comments