JHL

JHL

കണ്ണൻ ഗോപിനാഥന് പിന്നാലെ ശശികാന്ത് സെന്തിൽ; മോദി ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥർ രാജി വെക്കുന്നു

മംഗളൂറു (True News 6 September 2019):ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐ‌.എ‌.എസ്) രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കിലും അതൊരിക്കലും സാധാരണ നിലയിലല്ലെന്ന് സെന്തില്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. “നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണഘടകങ്ങൾ അസാധാരണമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ സർക്കാരിലെ ഒരു സിവിൽ സർവീസ് ഉദ്യോസ്ഥന്‍ എന്ന നിലയിൽ ചുമതലയിൽ തുടരുന്നത് അനീതിയാണെന്ന് സെന്തിൽ പറഞ്ഞു. വരും ദിവസങ്ങൾ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിക്കപ്പെടുമെന്നും എല്ലാവരുടേയും ജീവിതം മികച്ചതാക്കുന്നതിനുള്ള തന്റെ പ്രവർത്തനങ്ങൾ തുടരുന്നതിന് ഐ‌.എ‌.എസിന് പുറത്തു നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മലയാളിയായ 2012 ബാച്ച് ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്‍ കണ്ണൻ ഗോപിനാഥൻ രാജി വെച്ചതിന് പിന്നാലെയാണ് സെന്തിലിന്റെ രാജി പ്രഖ്യാപനം. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ചീഫ് സെക്രട്ടറി ടി.എം വിജയ് ഭാസ്‌കറിനോട് രാജി കത്തിൽ ഉന്നയിച്ച അവകാശവാദങ്ങൾ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2009 ബാച്ചിലെ കർണാടക കേഡർ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനായ സെന്തിൽ 2017 ജൂണിലാണ് ദക്ഷിണ കന്നഡ ഡിസി ആയി ചുമതലയേറ്റത്. ജില്ലാ ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ സജീവമായ സമീപനത്തിന് കുറഞ്ഞകാലം കൊണ്ട് ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസിൽ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ട്രിച്ചിയിലെ ഭാരതിദാസൻ സർവകലാശാലയില്‍ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ഒരാഴ്ചയായി സെന്തിൽ അവധിയിലായിരുന്നു.

ias-officer-quits-democracy-under-siege

No comments