JHL

JHL

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കാസറഗോഡ്(www.truenewsmalayalam.com  Sept 6 , 2019)ഓണം അവധി ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നതിനാലും ഭക്ഷണം, വെള്ളം മുതലായവ പുറത്തുനിന്നും വാങ്ങി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലും ജലജന്യ രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ. പി. ദിനേഷ് കുമാര്‍ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കാസര്‍കോട് ബെദിര, ചാല, കടവത്ത് ചാലക്കുന്ന് പ്രദേശങ്ങളില്‍ മഞ്ഞപിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയും കുടിവെള്ള സ്രോതസ്സുകളുടെ പരിശോധന, ക്ലോറിനേഷന്‍, മെഡിക്കല്‍ക്യാമ്പ്, മൈക്ക് അനൗണ്‍സ്‌മെന്റ്, ബോധവത്ക്കരണ ക്ലാസുകള്‍, കോലായികൂട്ടം തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മാസം നാല്, അഞ്ച്, ആറ് തിയ്യതികളിലായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു മാസ്സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് 
രോഗ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 10 ടീമുകളായി ഗൃഹ സന്ദര്‍ശനം നടത്തി, സൂപ്പര്‍ ക്ലോറിനേഷന്‍, ക്ലോറിന്‍ ഗുളികകളുടെ വിതരണം എന്നിവ നടത്തും. ശാസ്ത്രീയമായ കൈകഴുകല്‍ രീതികളെ കുറിച്ചും വ്യക്തി ശുചിത്വം -പരിസര ശുചിത്വം എന്നിവയെ പറ്റിയും ബോധവത്കരണം നടത്തും. മാസ്സ് ക്യാമ്പയിന്റെ ഉദ്ഘാടനം കാസര്‍കോട് നഗരസഭാ വനിതാ ഭവന്‍ കുടുംബശ്രീ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നജ്മുന്നിസ, കൗണ്‍സിലര്‍ ഹമീദ് ബദിര, കാസര്‍കോട് ജനറല്‍ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ്, മുളിയാര്‍ സി.എച്ച്.സി സൂപ്രണ്ട് ഡോ. ഈശ്വര നായ്ക്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ചാര്‍ജ് ബി. നന്ദകമാര്‍, എപിഡമിയോളജിസ്റ്റ് ഫ്‌ളോറി ജോസഫ്, മുളിയാര്‍ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ഹരിദാസ്, മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, പി.പി യുണിറ്റ് ജെ.എച്ച്. ഐ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

No comments