JHL

JHL

അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ നവീകരണ പദ്ധതി

കുമ്പള(True News 17 September 2019): അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി. കൃഷ്ണശില ഗണപതി വിഗ്രഹം മാറ്റി കടുശർക്കര യോഗ നിർമിത ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കും. 15 ലക്ഷം രൂപയാണ് ചെലവ്. ആവശ്യമാണെങ്കിൽ ഗണപതി ശ്രീകോവിൽ നവീകരിക്കും. നമസ്കാര മണ്ഡപം പൊളിച്ചു പുതിയ മണ്ഡപം നിർമിക്കും.ക്ഷേത്ര ഗോപുരത്തെ തടാകത്തിലെ നമസ്കാര മണ്ഡപം, പ്രധാന ശ്രീകോവിൽ എന്നിവയുമായി ബന്ധപ്പെടുത്തുന്ന കോ‍ൺക്രീറ്റ് നടപ്പാലം മാറ്റി അത്യാധുനിക സംവിധാനത്തോടെയുള്ള ഹൈഡ്രോളിക് പാലം സ്ഥാപിക്കാനും പദ്ധതിയുണ്ട്. 1976 വരെ ദേവനെ തോണിയിൽ തടാകത്തിലൂടെ എഴുന്നള്ളിച്ചു തെപ്പോത്സവം നടത്തിയിരുന്നു.

ഇതു പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരിക്കും പാലം പുനർനിർമാണമെന്നു ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി.മഹാലിംഗേശ്വര ഭട്ട്, നവീകരണ സമിതി അധ്യക്ഷൻ പി.മാധവ കാറന്ത് എന്നിവർ പറഞ്ഞു. നമസ്കാര മണ്ഡപത്തിനു 50 ലക്ഷം രൂപയും ഭൂതബലി കല്ലുകൾക്കു പിത്തള പാകുന്നതിനു 10 ലക്ഷം രൂപയുമാണ് ചെലവ്. ക്ഷേത്രത്തിൽ എത്തുന്നവർക്കു താമസിക്കാൻ അതിഥി മന്ദിരവും പണിയും.പി.മാധവ കാറന്ത് ചെയർമാനായി നവീകരണ സമിതി രൂപീകരിച്ചു.

അനന്തപത്മനാഭ സ്വാമി വിഗ്രഹം കടുശർക്കര യോഗത്തിൽ ആക്കി 2008ൽ ആണ് ബ്രഹ്മകലശ ഉത്സവം നടത്തിയത്. 2ാം ഘട്ടം നവീകരണം ഉടൻ പൂർത്തിയാക്കി അടുത്ത വർഷം തന്നെ ബ്രഹ്മകലശ ഉത്സവം നടത്താനാണ് നവീകരണ സമിതിയുടെ ആലോചന.

No comments