Header Ads

test

ഉത്തരമലബാറിന്റെ മുഖമാകാൻ അനന്തപുരം ക്ഷേത്രം; അതിഥി മന്ദിരത്തിന് രൂപരേഖ തയ്യാറായി

കുമ്പള (True News 18 September 2019): തടാക മധ്യത്തിലെ ക്ഷേത്രമായ അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തോടു ചേർന്ന് ഉദ്യാനവും അതിഥി മന്ദിരവും ഒരുങ്ങുന്നു. പ്രധാന ക്ഷേത്രങ്ങളുടെ നിരയിലേക്ക് ഉയരാനുള്ള വികസന പദ്ധതികളാണ് ക്ഷേത്രസമിതി ആസൂത്രണം ചെയ്യുന്നത്. നമസ്കാര മണ്ഡപം , നടപ്പാലം തുടങ്ങിയവ നവീകരിക്കുന്ന പണി ഉടൻ ആരംഭിക്കും.ഈയിടെ സജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഒക്ടോബർ 27നു നടക്കും. ക്ഷേത്രത്തിന്റെ 2 ഏക്കറിൽ ജൈവരീതിയിൽ കൃഷിയും തുടങ്ങിയിട്ടുണ്ട്.തിരുവനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആദി സ്ഥാനമാണ് അനന്തപുരം ക്ഷേത്രം എന്നാണ് ഐതിഹ്യം. അടുത്തിടെ അധികാരമേറ്റ ട്രസ്റ്റി ബോ‍ർഡ് വിവിധ വികസന പരിപാടികളാണ് മുന്നോട്ടു വച്ചിട്ടുള്ളത്.

ഭക്തർക്കായി വിശ്രമ മന്ദിരം

വിദൂര സ്ഥലങ്ങളിൽ നിന്നു വരുന്നവർക്കു പുലർച്ചെ തന്നെ ക്ഷേത്ര ദർശനം സാധ്യമാക്കുന്നതിനു  താമസ സൗകര്യം ഇവിടെ ഇല്ല. ഇതിനു മംഗളൂരുവിലും കാസർകോട്ടും പോകണം. രാവിലെ 6 മുതൽ രാത്രി 8 വരെയും ക്ഷേത്രത്തിൽ സന്ദർശകരുടെ തിരക്കാണ്. അവധി ദിവസങ്ങളിൽ ആയിരത്തിലേറെ പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്. താമസ സൗകര്യത്തിനു 20 സെന്റ് സ്ഥലത്ത് 5 വീതം മുറികളുള്ള 2 നില അതിഥി മന്ദിരം നിർമിക്കും. വിശ്വാസികളിൽ നിന്നു തന്നെ ഇതിനുള്ള സഹായം സമാഹരിക്കും.  50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രൂപരേഖ തയാറായി. ജെ.എച്ച്.എൽ. ബിൽഡേഴ്‌സ് ആണ് അതിഥി മന്ദിരത്തിന്റെ പ്ലാനും എലിവേഷനും തയ്യാറാക്കിയിരിക്കുന്നത്.

അനന്തശ്രീ ലൈബ്രറി

നൂറോളം പുസ്തകങ്ങളുമായാണ് ക്ഷേത്രം ഓഫിസിനു സമീപത്തെ മുറിയിൽ അനന്തശ്രീ ലൈബ്രറി സജീകരിച്ചിട്ടുള്ളത്.  രാമായണം അടക്കമുള്ള ആധ്യാത്മിക ഗ്രന്ഥങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വിഭാഗം ജനങ്ങളിലും വായന എത്തുക എന്നതാണ് ലക്ഷ്യം. താലൂക്ക് ലൈബ്രറി കൗൺസിൽ സഹായത്തോടെയാണ് പ്രവർത്തനം. ക്ഷേത്ര പരിസരത്ത് ഒരുക്കുന്ന ഉദ്യാനത്തിലേക്ക് പിന്നീട് ലൈബ്രറി മാറ്റും.

അന്നദാനത്തിനുള്ള പച്ചക്കറിയും ക്ഷേത്രവളപ്പിൽ നിന്ന്

ക്ഷേത്രത്തിന്റെ 2 ഏക്കറിൽ ജൈവരീതിയിൽ കൃഷി തുടങ്ങി. തെങ്ങ്, കമുക് തുടങ്ങിയവ വച്ചു പിടിപ്പിച്ചു. വെണ്ട, പയർ, പാവയ്ക്ക, പടവലങ്ങ, മത്തൻ ,വെള്ളരി, ഇളവൻ തുടങ്ങിയവ വിളവെടുപ്പ് നടത്തി. ഒരേക്കറിൽ 30 കിലോയിൽ ഏറെ പച്ചക്കറിയാണ് കിട്ടിയത്. ആദ്യ സംരംഭം എന്ന നിലയിൽ 32000 രൂപയോളം നഷ്ടം വന്നു. തുടർ കൃഷിയിൽ ആദായം കിട്ടും എന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിൽ അന്ന ദാന ആവശ്യമായ പച്ചക്കറി ഇവിടെ നിന്നു തന്നെ വിളവെടുപ്പ് നടത്താനാണ് പദ്ധതി. ദിവസേന 25 മുതൽ 80 കിലോഗ്രാം അരി വരെയാണ് അന്ന ദാനത്തിന് ഉപയോഗിക്കുന്നത് .
മാനാഞ്ചിറ സ്ക്വയർ മാതൃകയിൽ ഉദ്യാനം

കോഴിക്കോട് മാനാ‍‍ഞ്ചിറ സ്ക്വയർ മാതൃകയിൽ 50 സെന്റ് സ്ഥലത്താണ് ഉദ്യാനം ഒരുക്കുക. കുട്ടികളും മറ്റുമായി ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഉൾപ്പെടെ ഉല്ലസിക്കാൻ ഉതകുന്ന നിലയിൽ ആയിരിക്കും ഇത്. മധ്യത്തിൽ ഫൗണ്ടൻ സ്ഥാപിക്കും. പാർക്ക് നിർമാണം നടപ്പിലാക്കുന്നതിനു പൂനയിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബബിയയുടെ പ്രതിമ സ്ഥാപിക്കാനും ആലോചന

ക്ഷേത്ര തടാകത്തിലെ ബബിയയുടെ പ്രതിമ സ്ഥാപിക്കാനും ആലോചനയുണ്ട്. ക്ഷേത്രം തന്ത്രിയുടെ അനുമതിക്കു ശേഷമായിരിക്കും ഇത്. ഔഷധ സസ്യങ്ങൾ, പൂക്കൾ, കുട്ടികൾക്കും മറ്റു കളിക്കാനുള്ള സാമഗ്രികൾ തുടങ്ങിയവ പദ്ധതിയിലുണ്ട്

32 ഏക്കർ സ്ഥലമാണ് ക്ഷേത്രത്തിനുള്ളത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കൂടി സഹായം ലഭിച്ചാലേ വികസനം സാധ്യമാകും. മലയാളികൾക്കു പുറമേ കർണാടകയിൽ നിന്നു നൂറു കണക്കിനു സഞ്ചാരികൾ ക്ഷേത്രത്തിൽ എത്തുന്നുണ്ട്. തീർഥാടക സഞ്ചാര വികസന പദ്ധതിയിൽ കർണാടക സർക്കാരിന്റെ കൂടി സഹായം ലഭ്യമാക്കാൻ കഴിയും.  വർഷങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാരിന്റെ തീർഥാടക ടൂറിസം സർക്യൂട്ട് പദ്ധതിയിൽ അനന്തപുരം ക്ഷേത്രം ഉൾപ്പെടുത്തിയിരുന്നു. അന്ന് ഒരു കോടിയിലേറെ രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇതിനുള്ള പദ്ധതി പ്രാഥമിക ഘട്ടത്തിൽ ആണെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, കിൻഫ്ര വ്യവസായ പാർക്ക് എന്നിവ സമീപത്താണ്  പ്രവർത്തിക്കുന്നത് .

രണ്ടാം ഘട്ട നവീകരണ പദ്ധതി ഭാഗമായി ക്ഷേത്രത്തിൽ നിലവിലുള്ള ഗണപതി വിഗ്രഹത്തിനു പകരം പ്രതിഷ്ഠിക്കാനുള്ള കടുശർക്കര യോഗ നിർമിത ഗണപതി വിഗ്രഹം വൈക്കത്ത് അവസാന മിനുക്കു പണിയിൽ ആണെന്ന് ട്രസ്റ്റ് ബോ‍ർഡ് അംഗം ഉദയകുമാർ ആർ. കുമ്പള പറഞ്ഞു.

kumbla-ananthapuram-temple-new-project-guest-house


No comments