JHL

JHL

കുമ്പള ജില്ലാ സഹകരണാസ്പത്രിയുടെ പുതിയകെട്ടിടം ഒരുങ്ങി; ജനറൽ മെഡിസിൻ, ഓർതോപീഡിക്ക്, ഇ.എൻ.ടി. റേഡിയോളജി, ഹൃദ്രോഗം, യൂറോളജി, ന്യൂറോളജി എന്നിവയിൽ വിദഗ്‌ധ ചികിത്സയൊരുക്കും.

കുമ്പള(True News 18 September 2019): വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുമ്പള ജില്ലാ സഹകരണാസ്പത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കുമ്പള ടൗണിൽ ബദിയടുക്ക റോഡിൽ 10 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്.

കുമ്പള, പുത്തിഗെ, മൊഗ്രാൽ-പുത്തൂർ, എൻമകജെ, ബദിയടുക്ക, പൈവളിഗെ, മംഗൽപ്പാടി എന്നീ പഞ്ചായത്തുകളിലെ ആളുകൾക്ക് ഏറെ ആശ്വാസമാകുന്ന ആസ്പത്രി സമുച്ചയം വളരെപ്പെട്ടെന്നുതന്നെ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

സംഘം വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് മൂന്നുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടുള്ളത്. 25 മുറികളിലും വാർഡുകളിലുമായി 65 കിടക്കകളുണ്ടാവും. എല്ലാ നിലയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി പ്രത്യേക വാർഡുകളുണ്ട്. ജനറൽ മെഡിസിൻ, ഓർതോപീഡിക്ക്, ഇ.എൻ.ടി. റേഡിയോളജി, ഹൃദ്രോഗം, യൂറോളജി, ന്യൂറോളജി എന്നിവയിൽ വിദഗ്‌ധ ചികിത്സയൊരുക്കും.

അത്യാഹിത വിഭാഗത്തിനുപുറമെ നവജാത ശിശുക്കൾക്കായി എൻ.ഐ.സി.യു. വുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ജനറൽ, പ്രസവശസ്ത്രക്രിയ സൗകര്യങ്ങളുമുണ്ട്. മൂന്ന്‌ ആംബുലൻസുകളിൽ ഒന്ന് ഐ.സി.യു. സൗകര്യമുള്ളതാണ്.

നഴ്‌സുമാർക്കായി താമസ സൗകര്യം, കാന്റീൻ എന്നിവയുമുണ്ട്. കണ്ണൂരിലെ എൻ.സി.ലക്ഷ്മണൻ കമ്പനിയാണ് കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്, എട്ട് സ്ഥിരം ഡോക്ടർമാരും നാല് വിസിറ്റിങ് ഡോക്ടർമാരും, 50 നഴ്‌സുമാരും 40 മറ്റുജീവനക്കാരുമുണ്ടാവും.
kumbla-coop-hospital-ready-for-inauguration

No comments