JHL

JHL

മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കാഞ്ഞങ്ങാട് റെയ്ഡ് ; രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്(True News 18 September 2019): മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ മാവുങ്കാലിലെ ക്യൂലൈൺസ് എജ്യൂക്കേഷനൽ ട്രസ്റ്റിന്റെ ഓഫിസിലാണ് പൊലീസ് പരിശോധന നടത്തിയത്. പയ്യന്നൂർ സ്വദേശിയായ റെജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. താനടക്കമുള്ള എഴുപതോളം പേരിൽ നിന്നു 3 കോടിയോളം രൂപ സ്ഥാപനം തട്ടിയെടുത്തുവെന്നാണ് ഇദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പരിശോധനയിൽ സ്ഥാപനത്തിൽ നിന്നു വിലപ്പെട്ട രേഖകൾ പൊലീസ് പിടിച്ചെടുത്തു.  വിവരമറിഞ്ഞ് ഇടപാടുകാരും നാട്ടുകാരും സംഘടിച്ചു. ഒരു മണിയോടെ തുടങ്ങിയ പരിശോധന 2 നു സമാപിച്ചു. സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് റെജിയിൽ നിന്നു 1.20 ലക്ഷം തട്ടിയെന്നാണ് പരാതി. 9 ലക്ഷം രൂപ നൽകിയവരും ഇവരിൽ ഉണ്ട്. സ്ത്രീകളാണ് ഇടപാടുകാരിലേറെയും. സ്വർണം പണയപ്പെടുത്തിയും സ്ഥലം വിറ്റും ഇവരെ പണമേൽപ്പിച്ചവരുണ്ട്. ആഴ്ചയിൽ പ്രത്യേക ക്ലാസ് നൽകിയാണ് സംഘം ആളുകളെ ആകർഷിക്കുന്നത്. ധാരാളം സ്ത്രീകൾ ഇരുവരുടെ ക്ലാസുകൾക്ക് എത്താറുണ്ടെന്നും പരാതിക്കാർ പറയുന്നു. പരിസ്ഥിതി പ്രവർത്തനവും സാമൂഹിക പ്രവർത്തനവും പണം തട്ടിപ്പിന് ഇവർ മറയാക്കിയിരുന്നു

No comments