JHL

JHL

കുമ്പളയിൽ പോലീസ് സ്റ്റേഷന് സമീപം പരസ്യമായി ഒറ്റ നമ്പർ ലോട്ടറി. ഒരു പെട്ടിക്കടയുടെ പിറകുവശം കേന്ദ്രീകരിച്ചാണ് ചൂതാട്ടം


കുമ്പള (True News 2 September 2019): കുമ്പളയിൽ ഒറ്റനമ്പർ ലോട്ടറി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ശല്യമാവുന്നു. പോലീസ് സ്റ്റേഷന് ഏതാനും വാര അകലെയാണ് ഈ പരസ്യമായ ചൂതാട്ടം. ഒരു പെട്ടിക്കടയുടെ പിറകുവശം കേന്ദ്രീകരിച്ച് ചൂതാട്ടം തുടങ്ങിയിട്ട് മാസങ്ങളായി. ഇത് ചൂണ്ടിക്കാട്ടി ട്രൂ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പൊലീസിന് അനക്കമില്ല. ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ഹൈസ്‌കൂൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മഹാത്മ കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമാണ് ഇത്. വിദ്യാർത്ഥിനികളടക്കം  നടന്ന് പോകുന്ന റോഡിന് സമീപമാണ് ഈ കേന്ദ്രം. രാവിലെയും വൈകുന്നേരവും ഇവിടം സജീവമാണ്. രാവിലെ തൊഴിലാളികളും വിദ്യാർത്ഥികളും മറ്റും ഇവിടെ വന്ന് നമ്പർ എടുത്ത് പോകും. വൈകുന്നേരത്തോടെ ഫലം അറിയാം. കടയുടെ പിറക് വശം നമ്പർ എഴുതിയ ബോർഡ് കാണാം. അദ്ധ്വാനിച്ച പണം പാവപ്പെട്ട തൊഴിലാളികൾ ഇവിടെ ചൂത് കളിച്ച്  കളയുകയാണ്. കർണാടക കേന്ദ്രീകരിച്ചുള്ള ഒറ്റ നമ്പർ ലോട്ടറി മാഫിയ പാവപ്പെട്ടവരുടെ പണം ഊറ്റിയെടുത്ത് തടിച്ച് കൊഴുക്കുകയാണ്. നേരത്തെ ഇത്തരം കേന്ദ്രങ്ങൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയുണ്ടായിരുന്നു.തുടർന്ന് പോലീസ് ശക്തമായ നടപടി എടുത്തതോടെ കുറച്ച് കാലം മാറി നിന്ന ലോട്ടറി മാഫിയ ഇപ്പോൾ പരസ്യമായി അഴിഞ്ഞാടുകയാണ്. കുമ്പളയിലെ റെയിൽവേ സ്റ്റേഷൻ, ബദിയടുക്ക റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റ നമ്പർ ലോട്ടറി സജീവമാണ്.

single-number-lottery-near-police-station


No comments