JHL

JHL

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഏഷ്യന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ഇന്ത്യ

ദോഹ (True News 11 September 2019) : ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ച് ഇന്ത്യ. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങിന്‍റെ മികച്ച പ്രകടനമാണ് ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ സഹായകരമായത്.

ദോഹ അല്‍സദ്ദ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ പ്രവാസി ഇന്ത്യന്‍ ആരാധകര്‍ക്ക് ഗുര്‍പ്രീത് സിങും സംഘവും നല്‍കിയത് വിലമതിക്കാനാവാത്ത ഓണസമ്മാനം. ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ അവരുടെ മണ്ണില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഇന്ത്യ സ്വന്തമാക്കിയത് വിജയത്തോളം പോന്ന സമനില. അമ്പെ പതറിപ്പോയ ആദ്യ പകുതിയില്‍ ഇന്ത്യക്ക് കാവലായത് ഗോള്‍‌കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ തിരിച്ചുവന്നു.

ആഷിഖ് കുരുണിയന് പകരം ആദ്യ ഇലവനില്‍ അവസരം ലഭിച്ച യുവ മലയാളിതാരം സഹല്‍അബ്ദുസ്സമദ് മികച്ചപ്രകടനം കാഴ്ച്ച വെച്ചതോടെ ഗോളവസരങ്ങള്‍ കൈവന്നു. ഉദാന്ത സിങിന് ലഭിച്ച മനോഹരമായ അവസരം നിര്‍ഭാഗ്യകരമായി പുറത്തേക്ക് പോയത് കാണികളില്‍ നിരാശ പടര്‍ത്തി. മറുവശത്ത് ഖത്തറിന് ലഭിച്ചത് പൂര്‍ണമായതോ അര്‍ദ്ധാവസരങ്ങളോ ആയ ഡസനോളം ചാന്‍സുകള്‍.

പക്ഷെ ഗുര്‍പ്രീതിന് മുന്നില്‍ സന്ദേശ് ജിങ്കനും ആദില്‍ ഖാനുമടങ്ങുന്ന പ്രതിരോധ നിര മതില്‍ പോലെ നിന്നപ്പോള്‍ ഖത്തര്‍ മുന്നേറ്റ നിര വിയര്‍ത്തു. ഒടുക്കം വിജയത്തേക്കാള്‍ വലിയ സമനില വന്നതോടെ ഇന്ത്യന്‍ ആരാധകരുടെ ആവേശം അണപൊട്ടി.
worldcup-qualifying-soccer-india-qatar

No comments