JHL

JHL

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കര്‍ശനനടപടി- ടിക്കറാം മീണ


കാസര്‍കോട്(True News 2 October 2019): മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത ശേഷം ബുധനാഴ്ച വൈകിട്ട് കലക്്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തില്‍
101 പോളിങ് സ്റ്റേഷനുകള്‍ സെന്‍സിറ്റീവ് ആണ് ഇതില്‍ 17 ബൂത്തുകള്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ്. അവിടെ വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെടുത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കര്‍ശന നടപടിയുണ്ടാകും. സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പു വരുത്തും. പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന അവസാന തീയതിക്കു ശേഷം ആന്റി ഡീഫേസ്മെന്റ് വീഡിയോ സര്‍വലെന്‍സ് പ്രവര്‍ത്തനം ശക്തമാക്കും. പോളിംഗ് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിശദമായ പരിശീലനം നല്‍കും. ഇ.വി.എം വിവിപാറ്റ് മെഷീനുകളെ പറ്റി ബോധവല്‍ക്കരണം നല്‍കും. വോട്ടര്‍ ബോധവല്‍ക്കരണത്തിനുള്ള സ്വീപ് പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പോളിംഗ് ഏജന്റുമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പരിശീലനം നല്‍കും. ജനപ്രാതിനിധ്യ നിയമത്തില്‍ കൂട്ടി ചേര്‍ത്ത 49 എം.എ എന്ന നിയമപ്രകാരം വോട്ടെടുപ്പിനിടെ സംശയം തോന്നിയാല്‍ അത് വോട്ടര്‍ക്ക് ഉന്നയിക്കാം. വോട്ടറുടെ പരാതി അസത്യമാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വ്യവസ്ഥയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇവിഎം മെഷീനുകളുടെ വിശ്വാസ്യതയെ കുറിച്ച് ഉന്നയിച്ച രണ്ടു പരാതികളും തെറ്റാണെന്ന് തെളിഞ്ഞു. വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇത് മനസ്സിലാക്കണം ഇ.വി.എം വി.വി.പാറ്റിനെ കുറിച്ച് അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. ഇത് കുറ്റകരമാണ്.
പ്രശ്നസാധ്യത ബൂത്തുകളില്‍ ക്രിട്ടിക്കല്‍, വര്‍ണറബിള്‍ ബൂത്തുകള്‍ പ്രത്യേകം പരിഗണിച്ച് നടപടിയെടുക്കും. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കും, സംസ്ഥാന പൊലീസിനെ കൂടുതല്‍ വിന്യസിക്കും. മണ്ഡലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

No comments