JHL

JHL

കൂടത്തായി കൂട്ടക്കൊല; ജോളി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍; ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്(True News 5 October 2019): കൂടത്തായില്‍ ഒരേ കുടുംബത്തിലെ ആറു പേര്‍ മരണമടഞ്ഞ സംഭവത്തില്‍ പ്രതി ജോളിക്ക് പിന്നാലെ ഒരു ജ്വല്ലറി ജീവനക്കാരനെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകം നടത്താന്‍ ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്തത് ഇയാളാണ് എന്നാണ് വിവരം. ഇരുവരേയും ചോദ്യം ചെയ്യാനായി രണ്ടിടത്തേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്.
താമരശ്ശേരി സ്വദേശിയും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവാണ് കസ്റ്റഡിയിലായത്. ജോളിയുടെ ബന്ധുവായ ഇയാള്‍ കോഴിക്കോട് നഗരത്തിലെ ഒരു
പ്രമുഖ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സ്വര്‍ണ്ണപ്പണിക്കും മറ്റുമായി ഉപയോഗിക്കാന്‍ കൊണ്ടുവന്ന സയനൈഡ് ജോളിക്ക് ഇയാള്‍ മനപ്പൂര്‍വ്വം നല്‍കുകയായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സയനൈഡ് ഇയാള്‍ തന്നെയാണ് നല്‍കിയതെന്ന് ജോളി പോലീസിനോട് സമ്മതിച്ചു. നേരത്തേ റോയി മരിച്ച സംഭവത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ റോയിയുടെ ശരീരത്തില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.
ഇത് ആത്മഹത്യയായി വീട്ടുകാര്‍ വിധിയെഴുതുകയായിരുന്നു. സംഭവം സാധാരണ മരണമായി വീട്ടുകാര്‍ കരുതിയെങ്കിലും പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്ന് ആവശ്യം പ്രകടിപ്പിച്ചത് റോയിയുടെ അമ്മാവന്‍ മാത്യൂ മഞ്ചാടിയായിരുന്നു. എന്നാല്‍ ഇയാളും രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങുകയും റോയിയുടെ മരണം സംബന്ധിച്ച പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ജോളി ആരേയും കാണിക്കാതിരിക്കുകയും ചെയ്ത സാഹചര്യം സംശയാസ്പദമായി മാറുകയായിരുന്നു.
റോയി മരിച്ചപ്പോള്‍ അത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പ്രചരിപ്പിക്കാന്‍ മുമ്പില്‍ നിന്നതും ജോളിയായിരുന്നു. ആത്മഹത്യാ വിവരം പുറത്തറിഞ്ഞാല്‍ കുടുംബത്തിന് നാണക്കേടാകും എന്നായിരുന്നു ജോളി വീട്ടുകാരെ ധരിപ്പിച്ചത്. ഇതിനൊപ്പം ആയിരുന്നു റിപ്പോര്‍ട്ട് ഒളിപ്പിച്ചതും. സംഭവത്തില്‍ ജോളിക്ക് മറ്റാരില്‍ നിന്നെങ്കിലും സയനൈഡ് കിട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂലൈ മുതലാണ് ജോളി സംശയത്തിന്റെ നിഴലിലായത്. എന്നിരുന്നാലും പോലീസ് ജോളിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. ഏകദേശം 30 ഓളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ജോളിയിലേക്ക് പോലീസ് എത്തിയത്.
നേരത്തേ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോളി ഒരിക്കല്‍ ആത്മഹത്യശ്രമം നടത്തുകയും ചെയ്തിരുന്നു. അന്ന് വീട്ടുജോലിക്കാരിയോട് കൊലപാതകം സംബന്ധിച്ച് തനിക്ക് ഒരു പിഴവ് പറ്റിയതായി സമ്മതിക്കുകയും ചെയ്തിരുന്നതായി വിവരമുണ്ട്. കൊലപാതകങ്ങളില്‍ ഷാജു സ്‌കറിയയുടെ പങ്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകങ്ങളില്‍ ഷാജുവിന്റെ പങ്ക് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷാജുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
സംശയാസ്പദമായ സാഹചര്യം നില നില്‍ക്കുമ്പോള്‍ കൊലപാതകങ്ങള്‍ മറയ്ക്കാനും അന്വേഷണം തടസ്സപ്പെടാനും ഇവര്‍ക്ക് പോലീസിന്റെ സഹായം കിട്ടിയിട്ടുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്. എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ല എന്നുമാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. വ്യാജരേഖ ചമയ്ക്കാന്‍ ജോളിക്ക് കൂട്ടു നിന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.

No comments