JHL

JHL

അതിദാരുണം കുഞ്ഞിന്റെ മരണം; സിലി മരിച്ചുവീണത് ജോളിയുടെ മടിയിൽ

കോഴിക്കോട് (True News 5 October 2019) :രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണമാണ് കൂടത്തായി കൂട്ടമരണങ്ങളിൽ ഏറ്റവും ദാരുണം. നിലവില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഇരുവരേയും സാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ജോളിയെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്‍. ബന്ധു മാത്യുവിനെ  ജോളിയുടെ മൊഴിയനുസരിച്ച്  കസ്റ്റഡിയിലെടുത്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്.
സ്വത്തുതര്‍ക്കമുണ്ടെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭാര്യയുടെ പങ്ക് എന്തെന്ന് അന്വേഷിക്കട്ടെ– ഷാജു പറഞ്ഞു. തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മുക്കത്തും താമരശ്ശേരിയിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോയതായിരുന്നു. ജോളിക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് നല്‍കിയത്. ഞാന്‍ അധ്യാപകനാണ്. തനിക്ക് കള്ളം പറയേണ്ട കാര്യമില്ല– ഷാജു പറഞ്ഞു. മരിച്ച റോയിയുടെ സഹോദരിയെ കൊല്ലാനും പ്രതികള്‍ ശ്രമിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമുണ്ട്.

ബന്ധുക്കളെ കൊലപ്പെടുത്താന്‍ ജോളിക്ക് സയനൈഡ് നല്‍കിയത് ജ്വല്ലറി ജീവനക്കാരന്‍ മാത്യുവാണ്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുടെ സഹോദരപുത്രനാണ് പിടിയിലായ മാത്യു. മാത്യുവിനുപുറമേ രണ്ട് സ്വര്‍ണപ്പണിക്കാര്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ഉണ്ട്.

No comments