JHL

JHL

സമരം ഫലം കണ്ടില്ല; ഉപ്പള റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തി;ഇനി സ്റ്റേഷൻ മാസ്റ്ററില്ലാത്ത സ്റ്റേഷൻ

ഉപ്പള (True News 5 October 2019):  ഉപ്പള റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തി. ആവശ്യത്തിനു യാത്രക്കാർ ഇല്ലാത്തതിനാൽ നഷ്ടത്തിലാണെന്ന കാരണത്തെ തുടർന്നാണ് റെയിൽവേയുടെ ഈ നടപടി. ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്ലാർക്ക് ഇൻചാർജ് സ്റ്റേഷനാക്കിയാണ് മാറ്റിയത്. ഇതോടെ സ്‌റ്റേഷൻ മാസ്റ്ററെ ഒഴിവാക്കി ടിക്കറ്റ് നൽകുന്നത്  ക്ലാർക്ക്  മാത്രമാവും.

യാത്രക്കാർക്ക് പ്രയാസം ഉണ്ടാകില്ലെങ്കിലും മഞ്ചേശ്വരം, കുമ്പള റെയിൽവേ സ്റ്റേഷനുകളിൽ ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയാകും. സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഉൾപ്പെടെ ഇതു വഴിയൊരുക്കിയേക്കുമെന്നും ആശങ്കയുണ്ട്. ട്രെയിനുകളുടെ ഗതാഗത നിയന്ത്രണം, റെയിൽവേ ലവൽക്രോസുകളുടെ നിയന്ത്രണം തുടങ്ങി ഉപ്പളയിൽ  നടന്നിരുന്ന എല്ലാ പ്രവർത്തനങ്ങളും ഇതോടെ അവസാനിച്ചു.

യാത്രക്കാർക്ക് ടിക്കറ്റു നൽകൽ, ട്രെയിനുകളുടെ സ്റ്റോപ്പ് എന്നിവയാണ് ഇനി ഉണ്ടാവുക.  ഇതിനായി  ഒരു  ജീവനക്കാരൻ ഉണ്ടാവും. ക്ലാർക്കിനെ നിയമിക്കുന്നതു വരെ നിലവിലുള്ള സ്റ്റേഷൻ മാസ്റ്റർമാരിൽ ഒരാളുണ്ടാവും. ഉപ്പള റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തുന്നതോടെ  കുമ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെ  ബാധിക്കും. ഉപ്പളയിലെ ടിക്കറ്റ് വിതരണം ഒഴികെ എല്ലാ പ്രവർത്തനങ്ങളും ഇനി സമീപ സ്റ്റേഷനിലാവും. കുമ്പളയിൽ സ്റ്റേഷൻ മാസ്റ്ററെ കൂടാതെ ടിക്കറ്റ് നൽകാൻ ഒരാൾ കൂടിയുണ്ട്, എന്നാൽ മഞ്ചേശ്വരത്ത്  ഇവ രണ്ടും കൂടി  ചെയ്യുന്നത് ഒരാളാണ്.

ജോലിഭാരംനിലവിൽ മഞ്ചേശ്വരം-ഉപ്പള, മഞ്ചേശ്വരം ഉള്ളാൾ സ്റ്റേഷനുകൾക്കിടയിലെ ട്രെയിനുകളും ഗേറ്റുകളും നിയന്ത്രിച്ചാൽ മതിയായിരുന്നു.  ഉപ്പള സ്റ്റേഷൻ ഇല്ലാതാകുന്നതോടെ ഉപ്പള-കുമ്പള സ്റ്റേഷനുകൾക്കിടയിലെ ഗതാഗതം കൂടി ശ്രദ്ധിക്കേണ്ടി വരും. മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളിലെ സ്‌റ്റേഷൻ മാസ്റ്റർമാർ ഇതോടെ ഒരേ സമയം 6 ട്രെയിനുകൾ വരെ കൈകാര്യം ചെയ്യേണ്ടതായി വരും.ബുദ്ധിമുട്ട് നേരിട്ടാൽ യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർഥിച്ച് റെയിൽവേ ജീവനക്കാർ മഞ്ചേശ്വരം സ്‌റ്റേഷനിൽ നോട്ടിസ് പതിച്ചിട്ടുണ്ട്.

ഉപ്പള റെയിൽവേ സ്റ്റേഷനിലെ നടപടി സാങ്കേതികം മാത്രമാണെന്നും യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. രണ്ടിൽ കൂടുതൽ ട്രാക്കുള്ള സ്റ്റേഷനുകളിലാണ് ട്രെയിനുകളുടെ ക്രോസിങ്ങും മറ്റും നടക്കുക. അത്തരം പ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ ആവശ്യമാണ്. എന്നാൽ, 2 ട്രാക്കുകൾ മാത്രമുള്ള ഉപ്പളയിൽ ട്രെയിനുകൾ ഓട്ടമാറ്റിക് സംവിധാനം ഉപയോഗിച്ച് ട്രെയിനുകൾക്കു സിഗ്നൽ നൽകാനാകും. ടിക്കറ്റ് വിതരണം നിലവിലുള്ള പോലെ നടക്കുകയും ചെയ്യും.

സ്റ്റേഷൻ തരം താഴ്ത്തുന്നതിനെതിരെ ഉപ്പളയിൽ മാസങ്ങളോളം നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഒടുവിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉപ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഉറപ്പ് കിട്ടിയതിന്റെ  അടിസ്ഥാനത്തിലാണ് സമരം പിൻ വലിച്ചത്. 

No comments