JHL

JHL

"വര്‍ഗീയ വിഭാഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ ജനം പാഠംപഠിപ്പിക്കും" പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്(True News 6 October 2019): വര്‍ഗീയ വിഭാഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ ജനം പാഠംപഠിപ്പിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി വര്‍ഗീയ പ്രചരിപ്പിക്കുന്നവർ ബി.ജെ.പി ഈ ഉപതെരഞ്ഞെടുപ്പോടെ താഴോട്ട് പോകും. ദേശീയതലത്തിലടക്കം ഫാസിസം പ്രചരിപ്പിച്ച് കാര്യം നേടാനുള്ള ബി.ജെ.പി തന്ത്രം അധികകാലം വിലപ്പോവില്ലെന്നും പാര്‍ട്ടിക്കകത്ത് ഇപ്പോഴുണ്ടായിരിക്കുന്ന അനൈക്യത്തിന്റെ കാരണം ഈ യാഥാര്‍ഥ്യം മനസിലാക്കിയത് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപ്പള വ്യാപാര ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തന്നെയാകും ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തുറന്നുകാട്ടുക. ജീവിത നിലവാരത്തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ് ഇതൊക്കെ രണ്ടു സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളുടെ പ്രകടമായ തെളിവുകളാണ്. കേന്ദ്രത്തിന്റെ തലതിരിഞ്ഞ പദ്ധതികള്‍മൂലം വാസ്തവത്തില്‍ മുഴുപട്ടിണിയിലേക്കാണ് രാജ്യത്തെ ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കി അപകടനില തരണം ചെയ്യുന്നതിന് പകരം ഒന്നും ചെയ്യാതെ കേരള സര്‍ക്കാര്‍ പ്രാരാബ്ദം ഇരട്ടിപ്പിക്കുകയാണ്. മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം കേരള സര്‍ക്കാറാണ്. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ എം.പി നിരാഹരമിരിക്കേണ്ട സാഹചര്യം സര്‍ക്കാറിന്റെ ഗതികേടിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
മഞ്ചേശ്വരത്തടക്കം സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി താഴോട്ട് പോകും. മഞ്ചേശ്വരത്തടക്കം അഞ്ചിടത്തും പ്രചാരണ രംഗത്ത് യു.ഡി.എഫ് മുന്നിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം തൊട്ടിങ്ങോട്ട് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,
മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി അംഗം അഡ്വ. എ സുബ്ബയ്യറൈ, മണ്ഡലം മുസ് ലിം  പ്രസിഡന്റ് ടി.എ മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments