JHL

JHL

കലാമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി 14 ദിനങ്ങള്‍ മാത്രം;സംസ്ഥാന യുവജനോത്സവത്തിനു ഒരുക്കങ്ങൾ തകൃതി



കാസറഗോഡ് (True News, Nov 13,2019):   രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തുളുനാട് വീണ്ടും ഒരുങ്ങുകയാണ് കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 15 ദിനങ്ങള്‍ മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു കാഞ്ഞങ്ങാടും നഗരവും. അരങ്ങിനെ അരക്കിട്ടുറപ്പിക്കുന്നവര്‍ ഇപ്പഴേ തിരക്കിലായിക്കഴിഞ്ഞു. കലോത്സവം കഴിഞ്ഞ് ആളൊഴിഞ്ഞ അവസാനത്തെ കസേരയും തിരിച്ച് കയറ്റും വരെ ഇവര്‍ക്കിനി രാവ് പകലാവുന്ന ജോലിത്തിരക്കാണ്. 30 വേദികളിലായാണ് കേരളത്തിന്റെ കലാകൗമാരം അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ മാറ്റുരയ്ക്കുന്നത്. 1991 ല്‍ നടന്ന 31 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും 60 മത് സ്‌കൂള്‍ കലോത്സവത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ ഒരുക്കങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അജഗജാന്തരമാണ് മാറ്റമുണ്ട്. 67 ഇനങ്ങളിലായി 2000 ല്‍ അധികം ആളുകളാണ് 1991 ല്‍ മത്സരിക്കാനുണ്ടായിരുന്നതെങ്കില്‍ 60 ാമത് സ്‌കൂള്‍ കലോത്സവത്തില്‍ 250 ലധികം ഇനങ്ങളിലായി 10100 പേരാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്. അപ്പീല്‍ കൂടാതെയുള്ള കണക്കാണിത്. അപ്പീല്‍ കൂടി പരിഗണിക്കുമ്പോള്‍ ഇനിയും പങ്കെടുക്കുന്നവരുടെ എണ്ണം കൂടും. 7500 പേരെ ഉള്‍ക്കൊള്ളാനാണ് അന്ന് പ്രധാന വേദിയുടെ ശേഷിയെങ്കില്‍ ഇന്ന് 45000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 28 വര്‍ഷങ്ങള്‍ക്കപ്പുറം കാസര്‍കോടന്‍ ജനത ആസ്വദിച്ച ആ കലാമേളയില്‍ നിന്ന് പാടെ വ്യത്യസ്തമായിരിക്കും കാഴ്ചയിലും ഉള്‍ക്കാമ്പിലും ഈ കലോത്സവമെന്ന് ധാരണയുണ്ടാവാന്‍ ഇത്രയും താരതമ്യങ്ങള്‍ മതി. കലോത്സവ ഒരുക്കങ്ങള്‍ക്കായി സബ് കമ്മിറ്റികളൊക്കെയും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പുലവും സുഗമവുമായ യാത്ര സൗകര്യമാണ് ഗതാഗത കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ദേശീയ പാത 66 ല്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധത്തിലാണ് 30 വേദികളും ക്രമീകരിച്ചിരിക്കുന്നത്. സാധാരണ യാത്രാ സൗകര്യങ്ങള്‍ക്ക് പുറമെ റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റിലും വേദികളിലും ഗതാഗത കമ്മിറ്റിയുടെ ബസുകളും ഉണ്ടായിരിക്കും. ജില്ലയിലെ സ്‌കൂള്‍ ബസുകളാണ് ഗതാഗത കമ്മിറ്റി ഇതിനായി ഉപയോഗിക്കുന്നത്. കലോത്സവത്തിനായെത്തുന്ന മത്സരാര്‍ഥികളെയും രക്ഷിതാക്കളേയും ഏറെ കരുതലോടെയാണ് താമസ കമ്മിറ്റി സ്വീകരിക്കുന്നത്. ജില്ലയിലെ പ്രധാന ലോഡ്ജുകള്‍ക്ക് പുറമെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലെ വീടുകളും മത്സ രാര്‍ഥികളെ താമസിപ്പിക്കുന്നതിനായി താമസ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്തിലാണ് കലോത്സവത്തിന്റെ ഭക്ഷണപ്പുര. പൂര്‍ണമായും ഹരിത ചട്ടംപാലിച്ച് നടപ്പിലാക്കുന്ന കലോത്സവത്തിന്റെ വളണ്ടിയര്‍മാര്‍ പ്രധാനമായും ജില്ലയിലെ എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായിരിക്കും. 28 വര്‍ഷങ്ങള്‍ക്കിപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 1991 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ ചന്ദ്രശേഖരന്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. . 

തുളുനാടിന്റെ ഹൃദയത്തില്‍ കലാമാമാങ്കത്തിന് അരങ്ങുണരാന്‍ ഇനി 15 ദിനങ്ങള്‍ മാത്രം. കലോത്സവത്തിന്റെ ആ നാല് ദിനരാത്രങ്ങള്‍ കാസര്‍കോടിനെയാകെ ഉത്സവത്തിലാറാടിക്കാന്‍ അരയും തലയും മുറുക്കി അവരങ്ങനെ നിറഞ്ഞ് നില്‍ക്കും 30 വേദികളില്‍. മത്സരാര്‍ഥികളെയും അധ്യാപകരെയും വിധികര്‍ത്താക്കളെയും കലാ ആസ്വാദകരെയും വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു കാസര്‍കോട്.

No comments