ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 59% ഇസ്രായേലി ജനത; ബന്ദി മോചന കരാറിന് പ്രാമുഖ്യം നൽകണമെന്ന് 68% പേർ
തെൽഅവീവ്(www.truenewsmalayalam.com) : ഹമാസിനും ഗസ്സക്കും എതിരെ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 59% ഇസ്രായേൽ ജനതയും അഭിപ്രായ സർവേയിൽ ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമമായ ജറൂസലം പോസ്റ്റ്. 33% പേർ ഈ ആവശ്യത്തെ എതിർത്തു. എട്ട് ശതമാനം പേർ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ബന്ദികളുടെ കുടുംബങ്ങൾ രൂപവത്കരിച്ച ഹോസ്റ്റേജ് ഫാമിലി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിഡ്‌ഗാം പോളിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സർവേയുടെ ഫലം ഇന്നാണ് പുറത്തുവിട്ടത്.
‘ബന്ദികളെ മോചിപ്പിക്കുന്നതിനാണോ ഹമാസിനെ നശിപ്പിക്കാനാണോ ഇസ്രായേൽ ഗവൺമെൻറ് ഇപ്പോൾ മുൻഗണന നൽകേണ്ടത്?’ എന്ന ചോദ്യത്തിന് 68% മറുപടി നൽകിയത് ബന്ദിമോചനം എന്നായിരുന്നു.
23% ശതമാനം പേരാണ് ഹമാസിനെ നശിപ്പിക്കാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടത്. ബാക്കിയുള്ളവർ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ഹമാസിനെ ഇല്ലാതാക്കാൻ പ്രയത്നിക്കുന്നതിന് മുമ്പ് ബന്ദിമോചന കരാർ നടപ്പാക്കണമെന്ന് 52% പേർ അഭിപ്രായപ്പെട്ടു. എന്നാൽ, 35% പേർ ഹമാസിനെ ആദ്യം നശിപ്പിക്കണമെന്ന് പറഞ്ഞു.
ബാക്കിയുള്ളവർ തീരുമാനം അറിയിച്ചിട്ടില്ല. ഇസ്രായേലിലെ ജൂത ജനസംഖ്യയെ പ്രതിനിധീകരിച്ച് 504 ഇസ്രായേലികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തതെന്ന് ഫാമിലി ഫോറം പറഞ്ഞു.
മേയിൽ നടന്ന വോട്ടെടുപ്പിൽ 46% പേരായിരുന്നു യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കും മുമ്പ് ബന്ദി ഇടപാടിന് മുൻഗണന നൽകണമെന്ന് ജൂണിൽ 67% ഉം ജൂലൈയിൽ 72% ഉം പേർ ആവശ്യപ്പെട്ടിരുന്നു.
Post a Comment