സ്വാതന്ത്ര്യ സമര പോരാട്ടം കണ്ടറിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിച്ച് "ഗാന്ധി നിന്ദ'' ക്കെതിരെ സ്വാതന്ത്ര്യദിനത്തിൽ വേറിട്ട പരിപാടിയുമായി മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ മഹാത്മാജി രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തെ പോലും പരിഹസിക്കുകയും, ഗാന്ധിജിയെ ജനങ്ങൾ അറിയുന്നത് "ഗാന്ധി സിനിമ'' യിലൂടെയാണെന്ന് പറഞ്ഞ് ഗാന്ധി നിന്ദ നടത്തുകയും ചെയ്യുന്നവർക്ക് മറുപടിയുമായി സ്വാതന്ത്ര്യദിനത്തിൽ വേറിട്ട പരിപാടിയുമായി മൊഗ്രാൽ ദേശീയവേദി.
സ്വാതന്ത്ര്യസമര പോരാട്ടം കണ്ടറിഞ്ഞ ഇശൽ ഗ്രാമത്തിലെ 14 മുതിർന്ന പൗരന്മാരെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ പതാക അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചു കൊണ്ടാണ് ഗാന്ധി നിന്ദക്കെതിരെ മൊഗ്രാൽ ദേശീയവേദി വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് മൊഗ്രാൽ അൽ മജ്ലിസ് റസ്റ്റോറന്റ് ഹാളിലാണ് പരിപാടി ഒരുക്കുന്നത്.
മുൻ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഷീർ മുഹമ്മദ് കുഞ്ഞി, ഡോക്ടർ സിദ്ദീഖ് അഷ്റഫലി, ബികെ മുഹമ്മദ് കാടിയംകുളം, യുഎം അഹ്മദ്, ബികെ അബ്ദുല്ല, അബ്ദുള്ളകുഞ്ഞി സ്രാങ്ക്, ബിഎ മഹ്മൂദ്, ഉളുവാർ അന്തുഞ്ഞി, ഇസ്മയിൽ ഹുബ്ലി, കെ കെ അബ്ദുല്ല,എൻഎം ഇസ്മയിൽ നാങ്കി,എംജി അബ്ദുള്ള, അബ്ദുള്ളകുഞ്ഞി നാങ്കി, അബ്ദുൽഖാദർ കെവി എന്നീ മുതിർന്ന പൗരന്മാരെയാണ് ചടങ്ങിൽ വെച്ച് ആദരിക്കുക.
ചടങ്ങിൽ വെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മൊഗ്രാലി ലെ മിടുക്കരായ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും, മെമൊന്റോയും നൽകി അനുമോദിക്കും.
പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Post a Comment