വിദഗ്ധ സമിതികളുടെ നിർദ്ദേശങ്ങൾ മുഖവിലക്കടുക്കാത്തത് പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്താൻ കാരണമാകുന്നു - മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : മാധവ് ഗാഡ്ഗിൽ സമിതി, കസ്തൂരി രംഗൻ സമിതി തുടങ്ങിയ വിദഗ്ധ സമിതി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ പോലും മുഖവിലക്കെടുക്കാതെ അവഗണിക്കുന്നത് പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുന്നതായി മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ 131 പരിസ്ഥിതിലോല വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, ക്വാറിപ്രവർത്തനം തുടങ്ങിയവ നിരോധിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ഭൗമ ശാസ്ത്രജ്ഞർ ഉരുൾപൊട്ടലിന് വൻസാധ്യതയുള്ളതായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഒരു സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഫണ്ടുകൾ ഉപയോഗപ്പെടുത്തണമെന്നും മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ യോഗം ദുരന്തഭൂമിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അരലക്ഷം രൂപ സംഭാവന നൽകാൻ തീരുമാനിച്ചു.
ദേശീയവേദി പ്രസിഡണ്ട് എം വിജയകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം ഹമീദ് പെർവാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. എച്ച്.എം കരീം, അഷ്റഫ് പെർവാട്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ബി എ മുഹമ്മദ് കുഞ്ഞി, പി എം മുഹമ്മദ് ടൈൽസ്, സിദ്ദീഖ് റഹ്മാൻ, എം എ മൂസ, ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്, മനാഫ് എൽ ടി, എം എസ് മുഹമ്മദ് പ്രസംഗിച്ചു.
Post a Comment