തകർന്ന തരിപ്പണമായി ദേശീയപാത സർവീസ് റോഡുകൾ; വെള്ളക്കെട്ടിലും, പാതാളക്കുഴികളിലും നടുവൊടിഞ്ഞ് യാത്രക്കാർ
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ജില്ലയിലെ ദേശീയപാത സർവീസ് റോഡുകളുടെ തകർച്ച പൂർണ്ണമായി. തോരാതെ പെയ്യുന്ന തീവ്ര മഴയിൽ തകർന്ന് തരിപ്പണമായ റോഡിലൂടെയുള്ള യാത്ര ദുസ്സഹം.
നടുവൊടിഞ്ഞ് യാത്രക്കാർ.തകർച്ചയെത്തുടർന്ന് ബസ്സുകളൊക്കെ കട്ടപ്പുറത്ത്, ഒപ്പം യാത്രാ ദുരിതവും.
ഉപ്പള -കാസറഗോഡ് സർവ്വീസ് റോഡുകളിൽ പാതാള കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നിർമ്മാണ കമ്പനി അതികൃതരുടെ ചെപ്പടിവിദ്യകളൊന്നും കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ ചെറുക്കാനാവുന്നില്ല.
ഇത്തരത്തിൽ കുഴികളിൽ കൊണ്ടിടുന്ന കല്ലും, പൊടികളും ഒലിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.അശാസ്ത്രീയ മായി നിർമിച്ച ഓവുചാലുകളൊക്കെ നോക്കുകുത്തിയായി മാറി. എവിടെയും ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്ത അവസ്ഥ, മിക്കയിടങ്ങളിലും ഓവുചാൽ നിർമ്മാണം പാതിവഴിയിലുമാണ്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ സർവീസ് റോഡുകൾ പുഴയായി മാറി. വെള്ളക്കെട്ടിൽ വലഞ്ഞ് വാഹന യാത്രക്കാർ. മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയും.
വെള്ളക്കെട്ട് മൂലം പാതാളക്കുഴികൾ കാണാതെയുള്ള അപകടം വേറെയും. ഇരുചക്ര വാഹനക്കാരാണ് ഏറെയും അപകരണത്തിൽ പെടുന്നത്.
മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയിൽ സർവീസുറോഡ് തൊട്ടടുത്ത പുഴയെ പോലെ തന്നെ വെള്ളം നിറഞ്ഞത് വാഹനഗതാഗതത്തെ ഏറെ ബാധിച്ചിട്ടുണ്ട്. വാഹനഗതാഗതം പുതിയ റോഡിലേക്ക് വഴി തിരിച്ചു വിടണമെന്ന് നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവി കൊള്ളുന്നുമില്ല.
ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി ഗതാഗതം തടസ്സപ്പെടുന്ന തരത്തിലാണ് വെള്ളക്കെട്ടും,റോഡ് തകർച്ചയും.
ജില്ലയിലെ പലഭാഗങ്ങളിലും റോഡുകൾ, ഓവുചാലുകൾ പൂർണ്ണമായി നിർമ്മിക്കുന്നതിന് മുമ്പ് വൻ മതിലുകളാൽ കെട്ടിയടച്ചത് ദുരിതം വർദ്ധിപ്പിച്ചു.
വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. നടപ്പാത നിർമ്മാണം എങ്ങുമെത്താത്തത് കാൽനടയാത്രക്കാരെയും ഏറെ ദുരിതത്തിലാ ക്കിയിട്ടുണ്ട്.
Post a Comment