നിർമ്മാണവും, ലക്ഷ്യവും ആരോഗ്യ കേന്ദ്രം; പ്രവർത്തിക്കുന്നത് ലൈബ്രറി മാത്രം
കുമ്പള(www.truenewsmalayalam.com) : നാട് പനിച്ച് വിറക്കുമ്പോഴും കോയിപ്പാടി കടപ്പുറം ഫിഷറീസ് മേഖലയിൽ ഏഴുവർഷം മുമ്പ് അനുവദിച്ച ആരോഗ്യ ഉപ കേന്ദ്രം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ.
തീരദേശ വികസന കോർപ്പറേഷൻ ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ ഉപ കേന്ദ്രമാണ് അധികൃതരുടെ അലംഭാവം മൂലം അവഗണന നേരിടുന്നത്.
കെട്ടിടത്തിന്റെ ഒരു മുറിയിൽ പഞ്ചായത്ത് ഇടപെട്ട് കുറച്ചു പുസ്തകങ്ങളും മറ്റും ലഭ്യമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിച്ചത് മാത്രം മിച്ചം. പിന്നീട് സന്നദ്ധ സംഘടനകളും മറ്റും കെട്ടിടത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വിവിധ പരിപാടികളും മറ്റും സംഘടിപ്പിച്ച് വരുന്നുണ്ട്.
കെട്ടിടം പൂർണ്ണമായും തുറക്കാത്തതിനാൽ ഇപ്പോൾ തകർച്ചാ ഭീഷണിയും നേരിടുന്നുണ്ട്. വാതിലുകളും, ജനാലകളും തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുമുണ്ട്.
ഇടയ്ക്കിടെ കുമ്പള ഗ്രാമപഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ഇതിനായി വാർഷിക പദ്ധതികളിൽ ഫണ്ടും അനുവദിക്കുന്നുമുണ്ട്.
ആരോഗ്യ ഉപകേന്ദ്രം ഈ തീരപ്രദേശത്ത് അനിവാര്യമായിരുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ അസുഖം വന്നാൽ ആശുപത്രിയിൽ ചെല്ലണമെങ്കിൽ കുമ്പള (സിഎച്സി) സാമൂഹിക ആരോഗ്യ കേന്ദ്രത്തെ തന്നെ ആശ്രയിക്കണം.
ഈ ഭാഗത്ത് ബസ് ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ കുട്ടികളും, പ്രായമായവരും ആശുപത്രിയിൽ ചെല്ലാൻ ഏറെ പ്രയാസപ്പെടുന്നുമുണ്ട്.
ആരോഗ്യ ഉപ കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകേണ്ടത് ആരോഗ്യ വകുപ്പ് ജില്ല അധികാരികളാണ്. നിരവധി തവണ ജനപ്രതിനിധികളും, കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് കത്ത് നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നു.
ആരോഗ്യ കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം സമരപരിപാടികൾക്ക് രൂപം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
Post a Comment