JHL

JHL

സർക്കാരിന്റെ മദ്യനയത്തിൽ വ്യാപക പ്രതിഷേധം ഉയരുന്ന തിനിടെ ജില്ലയിൽ കർണാടക മദ്യ വില്പനയും സജീവം

കാസറഗോഡ്. മുക്കിനും,മൂലയിലും മദ്യശാലകളാവാമെന്ന സർക്കാറിന്റെ 2023-24ലെ മദ്യനയത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിൽ ജില്ലയിൽ കർണാടക പാക്കറ്റ് മദ്യ വില്പന സജീവം.

 ബിയറും,വൈനും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിൽ പോലും വിൽക്കാൻ അനുമതി നൽകുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. ഒപ്പം വിനോദസഞ്ചാരമേഖലകളിലെ റസ്റ്റോറന്റുകളിൽ ബിയറും വൈനും വിളമ്പും. മദ്യം ഓൺലൈൻ വഴി വീട്ടിൽ എത്തിക്കാനും  സർക്കാറിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ഓൺലൈൻ വ്യാപാര മേഖലയും.ഐടി പാർക്കുകളിൽ മദ്യശാലകൾ സ്ഥാപിക്കാൻ ഇതിനകം തത്വത്തിൽ അനുമതി നൽകിയിട്ടുമുണ്ട്. സർക്കാറിന്റെ ഇത്തരത്തിലുള്ള മദ്യ നയങ്ങൾക്കെതിരെ മദ്യവിരുദ്ധ പോരാട്ട സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടയിലാണ് ജില്ലയിലേക്ക് കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത്.

 ജില്ലയിലേക്ക് കൂലിവേലയ്ക്കായി അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളാണ് മദ്യമെത്തിക്കുന്നതെന്ന്  പറയപ്പെടുന്നു. എന്നാൽ ഇവർ  ഇടനിലക്കാർ മാത്രമാണെന്നും ജില്ലയിലെ ചില പെട്ടികടകൾ കേന്ദ്രീകരിച്ചാണ് വിൽപ്പന എന്നും പറയപ്പെടുന്നുണ്ട്.

 ജില്ലയിലെ ഗ്രാമീണ മേഖലകളിലൊക്കെ ഇത്തരത്തിൽ മദ്യ വില്പന സജീവമാണ്. കുമ്പളയിൽ പോലീസ് സ്റ്റേഷന് മൂക്കിന് താഴെ സ്കൂൾ റോഡിലാണ് വിൽപ്പന എന്ന് പരാതിയുണ്ട്. കാസർഗോഡ് പുതിയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ചാണത്രേ വിൽപ്പന. "കുറഞ്ഞ വിലക്ക് ഇരട്ടി കിക്ക്'' എന്ന പ്രചരണ തന്ത്രമാണ് കർണാടകയിലെ പാക്കറ്റ് മദ്യത്തിന്റെ പ്രത്യേകത. ഇത് വിൽപ്പന കൂടാൻ കാരണമായിട്ടുണ്ടെന്ന് പറയുന്നു. ഇതിന് ഇരട്ടി ലാഭവും ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ജില്ലാ അതിർത്തിയിലുള്ള കർണാടകയിലെ ചില ബാറുകളിൽ നിന്നാണ് യഥേഷ്ടം ഇത്തരത്തിലുള്ള മദ്യം ജില്ലയിൽ എത്തിക്കുന്നത്.

 വ്യാപകമായ മദ്യക്കച്ചവടത്തിനെതിരെ പോലീസും, എക്സസൈസും ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments