കുമ്പള ഉപ ജില്ലാ ഫുട്ബോൾ; ജി.വി.എച്ച്.എസ് എസ് മൊഗ്രാലിന് സമഗ്രാധിപത്യം, സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗത്തിൽ കിരീടം
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗം കിരീടത്തിലും മുത്തമിട്ടുകൊണ്ടാണ് ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ കരുത്ത് തെളിയിച്ചത്.
കായികാധ്യാപക നില്ലാതെയാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ ചാമ്പ്യൻമാരായത് എന്ന പ്രത്യേകതയുമുണ്ട് ഈ കിരീടത്തിന്.
കായികാധ്യാപക നിയമനത്തിനായി രണ്ട് വട്ടം അഭിമുഖം വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്ന് സ്റ്റാഫ് കൗൺസിൽ ചേർന്ന് പത്തോളം അധ്യാപകരുടെ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
രണ്ടായിരത്തി മുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ടീം സെലക്ഷനായിരുന്നു ആദ്യ കടമ്പ. സെലക്ഷനും പരിശീലനവും പുതിയ കമ്മറ്റി വെല്ലുവിളിയായി ഏറ്റെടുത്തപ്പോൾ പ്രതിബന്ധങ്ങൾ വഴിമാറിപ്പോയി.
ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും അധ്യാപകർ പരിശീലനത്തിനായി ഒരുങ്ങിയിറങ്ങിയപ്പോൾ ഫുട്ബോൾ ജീവവായുവായി കരുതുന്ന മൊഗ്രാലുകാർ ശക്തമായ പിന്തുണയുമായി ചേർന്നു നിന്നു.
അധ്യാപകരുടെ ഉപദേശ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചത് കിരീട നേട്ടത്തിന് സഹായകമായി.
വിജയികളായ ടീം അംഗങ്ങളെയും അധ്യാപകരെയും സ്കൂൾ പി.ടി.എ, എസ്.എം.സി, മദർ പി.ടി എ , സ്റ്റാഫ് എന്നിവർ അനുമോദിച്ചു.
Post a Comment