ബേക്കൂർ സ്കൂളിൽ റാഗിംഗ്; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തു
കുമ്പള: മംഗൽപാടി ബേക്കൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിനടുത്ത് ഒരു പറ്റം വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകനെ ഒരു കൂട്ടം വിദ്യാർത്ഥികളും അവരെ സഹായികളായെത്തിയ ഏതാനും ഗുണ്ടകളും കയ്യേറ്റം ചെയ്തു. ജനം ടി.വി റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറിയുമായ ധനരാജിനെയാണ് കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ജോലിയുടെ ഭാഗമായി ആ വഴി പോകുകയായിരുന്ന ധനരാജ് കുട്ടികൾ തമ്മിൽ റോഡിൽ വച്ച് അടിപിടി കൂടുന്നത് കണ്ട് വിവരം പ്രധാനഅധ്യാപകനെ അറിയിക്കുകയായിരുന്നു. അധ്യാപകരും മറ്റും സ്ഥലത്തെത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും വിദ്യാർത്ഥികളെ പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പിരിഞ്ഞു പോകാത്ത വിദ്യാർത്ഥികൾ ആ വഴി വന്ന ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഏതാനും വിദ്യാർത്ഥികളെ പിന്തുടർന്ന് ബസ്സിൽ വച്ചു അടിപിടി തുടങ്ങി. ഇതും ധനരാജ് പകർത്തി. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ ധനരാജ് സ്കൂൾ അധ്യാപകരുമായി സംസാരിക്കാനും സ്കൂൾ കവാടത്തിന്റെ ദൃശ്യങ്ങൾ പകർത്താനും ശ്രമിക്കവെയാണ് ഏതാനും ഗുണ്ടകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ധനരാജനെ വളഞ്ഞത്. പ്രസ്സ് ഐഡി കാർഡും മൊബൈൽ ഫോണും തട്ടിപ്പറിക്കുകയും പകർത്തിയ വീഡിയോകൾ ഡിലീറ്റ് ചെയ്തതിനുശേഷം ഇവ തിരിച്ചു നൽകുകയും ഇനി ഈ ഭാഗത്ത് വരികയോ മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയോ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റാഗിങ്ങിനും കൈയ്യേറ്റം ചെയ്യുന്നതിനും നേതൃത്വം നൽകുകയും വിദ്യാർത്ഥികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ബാഹ്യ ശക്തികളെ കണ്ടെത്തി തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ രാജപുരം, ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, സെക്രട്ടറി സുരേഷ് കൂക്കൾ, ട്രഷററും കുമ്പള പ്രസ്ഫോറം പ്രസിഡന്റുമായ സുരേന്ദ്രൻ ചീമേനി, സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് എന്നിവർ ആവശ്യപ്പെട്ടു.
.
Post a Comment