തീരദേശ റോഡിലൂടെ ടൂറിസ്റ്റ് ബസുകളും ഓടിത്തുടങ്ങി; കോയിപ്പാടി- കൊപ്പളം റൂട്ടിൽ "ഗ്രാമ വണ്ടി ''സർവീസ് വേണമെന്ന് നാട്ടുകാർ
കുമ്പള/മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള റെയിൽവേ അണ്ടർ പാസേജ് വഴി കുമ്പള കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്ങൾക്കും മറ്റും സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ ഈ റൂട്ടിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഓടുന്ന കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികൾ രംഗത്ത്.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലയിൽ ഉള്ളവർ മത്സ്യസംബന്ധമായ ജോലികൾ കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ഓട്ടോകൾ പിടിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. വലിയ വാടക നൽകിയാണ് ഓട്ടോകളിൽ യാത്ര ചെയ്യുന്നത്.
ഇത് ഒഴിവാക്കാൻ കോയിപ്പാടി -കൊപ്പളം തീരദേശ റൂട്ടിൽ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ എങ്കിലും ഗ്രാമ വണ്ടി സർവീസ് അനുവദിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
ഈ ആവശ്യം പഞ്ചായത്ത് ഭരണസമിതിയെയും, ജനപ്രതിനിധികളെയും തീരദേശവാസികൾ ധരിപ്പിക്കും.
2023 ഒക്ടോബർ മാസം എട്ടാം തീയതിയാണ് കുമ്പളയിൽ ഗ്രാമ വണ്ടി സർവീസ് ഓടിത്തുടങ്ങിയത്. സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ഇത്.
ഗ്രാമീണ മേഖലയിൽ ഇതിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ബബ്രാണ യിൽ യിൽ വെച്ച് ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്.
Post a Comment