ബദിയടുക്കയിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
ബദിയടുക്ക: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ബേള പെരിയടുക്കം കുഞ്ചാര്‍ ഹൗസിലെ ഇബ്രാഹീം ഇഷ്ഫാക് (25), നീര്ച്ചാല് മെണസിനപാറയിലെ മുഹമ്മദ് റഫീഖ് (21) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച 41.30 ഗ്രാം കഞ്ചാവും, 1.92 ഗ്രാം എം.ഡി.എം.എയും 13,500 രൂപയും പിടികൂടിയത്. കാസര്‍കോട് ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ബദിയടുക്ക എസ്.ഐ കെ.ആര്. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.ശനിയാഴ്ച പെരിയടുക്കയിലെ വീടിന് സമീപത്ത് എത്തിയപ്പോള്‍ രണ്ടുപേര്‍ കടന്നുകളയാന്‍ ശ്രമിച്ചു. ഇവരെ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ബെഡിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയത്. റഫ്രിജറേറ്ററിനുള്ളിൽനിന്ന് കഞ്ചാവും കണ്ടെത്തി. മുഹമ്മദ് റഫീഖ് നേരത്തെ സ്കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനെ സീതാംഗോളിയില്‍ എക്സൈസിന്റെ പിടിയിലായിരുന്നു. പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിന് ഇബ്രാഹീം ഇഷ്ഹാഖിനെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. എ.എസ്.ഐ സുകുമാരന്‍, ദിലീപ്, സത്താര്‍ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.
Post a Comment