പനിച്ച് വിറച്ച് കുമ്പള; ആശുപത്രികളിൽ രാത്രി വൈകിയും തിരക്ക്
കുമ്പള(www.truenewsmalayalam.com) : പനിച്ച് വിറച്ച് കുമ്പള. സർക്കാർ ആശുപത്രികളിലും, സ്വകാര്യാശുപത്രികളും രാത്രി വൈകുവോളം രോഗികളുടെ തിരക്ക്. പരിശോധനയ്ക്കാകട്ടെ ഒന്നോ,രണ്ടോ ഡോക്ടർമാർ മാത്രം. ദുരിതത്തിലായി രോഗികൾ.
കാലവർഷം ശക്തിപ്പെടുകയും, മഴക്കാല രോഗങ്ങൾ വർധിച്ചതുമാണ് രോഗികളുടെ വൻവർദ്ധനവിന് കാരണമായിരിക്കുന്നത്. എന്നാൽ ആശുപത്രികളിൽ പരിശോധനയ്ക്കാക ട്ടെ നാമമാത്രമായ ഡോക്ടർമാർ മാത്രമാണുള്ളത്. ലാബ് ടെസ്റ്റും, മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികൾ കാത്തിരിക്കേണ്ട അവസ്ഥ.
കുമ്പള സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ 500ഓളം രോഗികളാണ് ഓരോ ദിവസവും എത്തുന്നത്. പരിശോധന 5 മണി വരെ മാത്രം. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടാകാറ്. പരാതി അറിയിച്ചാൽ മാത്രം രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടാകും. മെഡിക്കൽ ഓഫീസർ ഉണ്ടെങ്കിലും അവർക്ക് മറ്റു ഓഫീസ് ജോലികൾ ഉള്ളതിനാൽ പരിശോധനയ്ക്ക് എത്തുന്നുമില്ല.
കുമ്പളയിലെ സ്വകാര്യ ആശുപത്രികളുടെ അവസ്ഥയും ഇതുതന്നെയാണ്. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ പരിശോധിക്കുന്നത് ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ്. കുമ്പളയിലെ സ്വകാര്യാ ശുപത്രികളിലും ദിവസേന 300 ലേറെ രോഗികൾ എത്തുന്നതായാണ് കണക്ക്.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ കർശന നടപടി ഉണ്ടാവണം.
സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരുടെ സേവനവും അടിയന്തരമായി ലഭ്യമാക്കണം. ഡ്യൂട്ടി സമയങ്ങളിൽ വകുപ്പുതല യോഗങ്ങൾ നടത്തുന്നതിന് നിയന്ത്രണം വേണം. ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും അലംഭാവം കാട്ടുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment