JHL

JHL

പാലാരിവട്ടം പാലം അഴിമതി ; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും; ഇബ്രാഹിം കുഞ്ഞ് മുങ്ങിയതായും അഭ്യൂഹം


കൊച്ചി (True News ,Sept 19, 2019): പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉടന്‍ അറസ്റ്റിലായേക്കും. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്‌കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും.


അതിനിടെ അറസ്റ്റിലാകുമെന്ന അഭ്യൂഹം പരിക്കുന്നതിനിടെ മുൻമന്ത്രിയും എംഎൽഎയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ കാണാനില്ലെന്നു ചില പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംഎൽഎ ഇന്ന് രാവിലെ വടക്കൻ പറവൂരിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്ന് വാർത്തകൾ പുറത്തുവന്നു. ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ആർക്കും വിവരമൊന്നുമില്ല. ആലുവയിലെ അദ്ദേഹത്തിന്‍റെ വസതിയിലോ എംഎൽഎ ഓഫീസിലോ മുസ്ലിം ലീഗ് ഓഫീസിലോ എംഎൽഎ എത്തിയിട്ടില്ല.  അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. പിഎയുടെ ഫോണും ഓഫാണ്. ബുധനാഴ്ച തന്നെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിന്‍റെ മുറിപൂട്ടി താക്കോൽ കൈമാറിയിരുന്നു.



ഇബ്രാഹിംകുഞ്ഞ് എവിടെയാണെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എംഎൽഎ ഓഫീസിലെ സ്റ്റാഫിനും അദ്േദേഹം എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല.

No comments