JHL

JHL

വിദ്യാർത്ഥിനികളെ വഴിയിൽ ഇറക്കി വിട്ട് വിവാദമായ സംഭവത്തിൽ ബസുടമ മാപ്പ് പറഞ്ഞു.

കാസര്‍കോട്(True News 2 October 2019): വിദ്യാർത്ഥിനികളെ വഴിയിൽ ഇറക്കി വിട്ട് വിവാദമായ സംഭവത്തിൽ ബസുടമ മാപ്പ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ഈ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കാസര്‍കോട് ടൗണ്‍ പൊലീസ് ബസുടമയെയും ജീവനക്കാരെയും പരാതിക്കാരായ വിദ്യാര്‍ഥിനികളെയും വിളിച്ചുവരുത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ബസില്‍ നിന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ട സംഭവം കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായ അപരാധം തന്നെയാണെന്നും ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്ന പെണ്‍കുട്ടികളോട് മാപ്പുചോദിക്കുകയാണെന്നുമാണ് ഉടമ വ്യക്തമാക്കിയത്. കണ്ടക്ടറെ ജോലിയില്‍ നിന്നും ഒഴിവാക്കിയതായും തങ്ങളുടെ അറിവോടെയല്ല കുട്ടികള്‍ക്ക്് യാത്ര നിഷേധിച്ചതെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഉടമ പൊലീസിനോട് പറഞ്ഞു.
അതിനിടെ വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടതിന്റെ പേരില്‍ ബസിന് ആര്‍.ടി.ഒ 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യകോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥിനികളെ കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതിയുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് കഴിഞ്ഞ് പുതിയ ബസ് സ്റ്റാന്റില്‍ നിന്നുമാണ് വിദ്യാര്‍ഥിനികള്‍ കാസര്‍കോട്ട് നിന്നും സീതാംഗോളിയിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയത്. യാത്രക്കിടെ കണ്ടക്ടര്‍ വിദ്യാര്‍ഥികളോട് തട്ടിക്കയറുകയും മുഴുവന്‍ ചാര്‍ജ് നല്‍കണമെന്നാവശ്യപ്പെട്ട് തര്‍ക്കിക്കുകയും ചെയ്തു. ആര്‍.ടി.ഒ അധികൃതര്‍ അനുവദിച്ച ബസ് പാസ് കാണിച്ചെങ്കിലും ഇത് അംഗീകരിക്കാതെ വലിച്ചെറിയുകയും ബസ് നുള്ളിപ്പാടിയിലെത്തിയപ്പോള്‍ ഇറക്കിവിടുകയുമായിരുന്നു. ആവശ്യത്തിനുള്ള പണം കയ്യിലില്ലാതിരുന്നതിനാല്‍ കിലോമീറ്ററുകളോളം നടന്ന് വൈകിട്ട് നാലു മണിയോടെയാണ് വിദ്യാര്‍ഥിനികള്‍ വീട്ടിലെത്തിയത്. കൃത്യസമയത്ത് വിദ്യാര്‍ഥിനികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആകെ പരിഭ്രാന്തരായിരുന്നു. ഫോണ്‍കൈവശം വെക്കാനുള്ള അനുമതിയില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടുകാരെ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടികള്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. നടപടിയുണ്ടായ സാഹചര്യത്തില്‍ പരാതി പിന്നീട് പിന്‍വലിച്ചു

No comments