JHL

JHL

ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ വെടിവെച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന മേല്‍പ്പറമ്പ് സ്വദേശി അറസ്റ്റില്‍



കാസര്‍കോട്(True News 4 October 2019): ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി രണ്ടുവര്‍ഷത്തിന് ശേഷം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ നജീബിനെ(46)യാണ് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ് ഹര്‍ഷന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് ആര്‍. നായക്, എസ്.ഐ കബ്ബാള്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നജീബ് ഹൊസങ്കടിയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. 2017 ഫെബ്രുവരി 14ന് രാത്രിയിലാണ് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് കാലിയാറഫീഖിനെ ഒരുസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. കാലിയാറഫീഖും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അക്രമണം. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും റഫീഖ് വെടിയേറ്റ് മരിക്കുകയായിരുന്നു. ഈ കേസില്‍ നൂര്‍ അലി, റഷീദ്, ഹുസൈന്‍, അബ്ബ, മുഹ്താസിം എന്ന തസ്ലിം തുടങ്ങിയ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം നജീബ് ഒളിവില്‍ പോകുകയാണുണ്ടായത്. മുംബൈ, ബംഗളൂരു, എറണാകുളം എന്നിവിടങ്ങളിലാണ് നജീബ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

No comments