JHL

JHL

വിദ്യാലയം പ്രതിഭയോടൊപ്പം ; എ.ജെ.ബി.എസ് പുത്തിഗെ വിദ്യാർത്ഥികൾ ലോക കരാട്ടെ ചാമ്പ്യനെ ആദരിച്ചു

പുത്തിഗെ (True News 14 November 2019): കൈക്കരുത്തുകൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ ഒരു ചെറുപ്പക്കാരനുണ്ട് കാസര്‍ഗോഡ് സീതാംഗോളിക്ക് സമീപത്തെ എ.കെ.ജി നഗറില്‍. കെ.എം മുഹമ്മദ് അഷ്‌റഫ് എന്ന മുപ്പത്തിയൊന്നുകാരന്‍. ജീവിത പ്രാരാബ്ധങ്ങളോട് സന്ധിയില്ലാ സമരം ചെയ്ത് നേട്ടങ്ങളുടെ നെറുകയിലെത്തിയ പോരാളി. നെതര്‍ലാന്റില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി രണ്ടാംസ്ഥാനം ഇടിച്ചിട്ടുനേടിയ യുവത്വം. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ' വിദ്യാലയം പ്രതിഭയോടൊപ്പം ' പരിപാടിയുടെ ഭാഗമായി  പുത്തിഗെ എ.ജെ.ബി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ ശിശുദിനത്തില്‍ ആദരിച്ചത് മുഹമ്മദ് അഷ്‌റഫ് എന്ന ഈ കരാട്ടെ മാസ്റ്ററെയാണ്. സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ തന്റെ ജീവിത വഴികകളെക്കുറിച്ചും നേടിയ നേട്ടങ്ങളെക്കുറിച്ചും സങ്കല്‍പങ്ങളെക്കുറിച്ചും അഷ്‌റഫ് മാസ്റ്റര്‍ വാചാലനായി. അംഗടിമുഗര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അഷ്‌റഫ് ജപ്പാനീസ് ആയോധനകലയായ കരാട്ടെയില്‍ ആകൃഷ്ടനാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള ബാല്യമായതുകൊണ്ടുതന്നെ തന്റെ ശരീരം കരാട്ടെയ്ക്ക് അനുയോജ്യമാണെന്ന് അഷ്‌റഫ് തിരിച്ചറിഞ്ഞു. ബദിയഡുക്കയിലെ പി.കെ ആനന്ദ് മാസ്റ്റര്‍ എന്ന ദിഷണാശാലിയായ ഗുരുവിന്റെ കീഴില്‍ ഏറ്റവും മിടുക്കനായ ശിഷ്യനായി അഷ്‌റഫ് വളര്‍ന്നു. പ്രാദേശികമായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം എതിരാളികളെ ബഹുദൂരം പിന്നിലാക്കി അഷ്‌റഫ് മുന്നേറി. 2008 ല്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ ആദ്യ ദേശീയ തല സ്വര്‍ണ്ണനേട്ടം. പിന്നീട് ഏഴ്തവണകൂടി ഈ ചെറുപ്പക്കാരന്‍ വിജയിയുടെ സ്വര്‍ണമെഡല്‍ തന്റെ കഴുത്തിലണിഞ്ഞു. 2016 ല്‍ നെതര്‍ലാന്റില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചെങ്കിലും മെഡല്‍ നേടാനായില്ല. പിന്നീട് രണ്ടുവര്‍ഷത്തിനപ്പുറം 2018ല്‍ നെതര്‍ലാന്റില്‍വച്ചുതന്നെ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ സ്വന്തമാക്കി പകരംവീട്ടി. ജര്‍മ്മനിയിലും ബെല്‍ജിയത്തിലും നടന്ന കരാട്ടെ സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും അഷ്‌റഫാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് , ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഗിന്നസ് വേഴ്ഡ് റെക്കോര്‍ഡ് എന്നിവയിലും അഷ്‌റഫ് തന്റെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നേട്ടങ്ങള്‍ ഓരോന്നായി കൈവരിക്കുമ്പോഴും ഇദ്ദേഹത്തിന് താങ്ങും തണലുമായത് കുടുംബം തന്നെയാണ്.മാതാപിതാക്കളായ അബ്ദുള്ളയും റംലയും നെതര്‍ലാന്റ് സ്വദേശിനിയായ ഭാര്യ തസ്‌ലീന കൊളേനും സഹോദരികളായ സാജിതയും കമറുന്നീസയും നല്‍കിയ പ്രോത്സാഹനം തന്നെയാണ് അഷ്‌റഫിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍. കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി വാടകവീട്ടിലാണ് ഇവരുടെ താമസം. ഉമ്മയുടെ അസുഖവും സഹോദരിമാരുടെ വിവാഹവുമെല്ലാം അഷ്‌റഫിനെ സാമ്പത്തികമായി തളര്‍ത്തിയിരുന്നു. എങ്കിലും നേടാന്‍ ഒരുപാടുണ്ടെന്ന തിരിച്ചറിവ് മനക്കരുത്ത് നല്‍കി. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ചാമ്പന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായി സാമ്പത്തികമായി ഏറെ വിഷമതകള്‍ അനുഭവിച്ചിരുന്നു അഷ്‌റഫ്. സുമനസ്സുക്കാളായ സൗഹൃദങ്ങളാണ് പലപ്പോഴും സഹായത്തിനെത്തിയത്. കരാട്ടെ അധ്യാപകനായും വിദ്യാര്‍ത്ഥിയായും അഷ്‌റഫ് ഇപ്പോഴും ഈ ആയോധന കലയ്ക്ക് ഒപ്പമുണ്ട്. സീതാംഗോളിയിലെ ബ്ലാക്ക് ബെല്‍ട്ട് കരാട്ടെ അക്കാദമിയില്‍ സ്വയരക്ഷയ്ക്ക് എതിരാളികള്‍ക്കുനേരെ പ്രതിരോധം തീര്‍ക്കാന്‍ കുരുന്നുകളെ പ്രാപ്തരാക്കാനുള്ള അഷ്‌റഫിന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്. കായിക രംഗത്ത് ഈ യുവാവ് നേടിയ ദേശീയ-അന്തര്‍ദേശീയ നേട്ടങ്ങള്‍ക്ക് നമ്മുടെ ഭരണകൂടം നല്‍കുന്ന പിന്തുണ പ്രാപ്തമാണോ ?  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്യൂണ്‍ ജോലിയിലെങ്കിലും ഈ ദേശീയ താരത്തെ പരിഗണിക്കേണ്ടതല്ലെ ? ഒന്നിലേറെ ഭവനപദ്ധതികള്‍ നടപ്പിലാക്കിവരുന്ന നമ്മുടെ നാട്ടില്‍ ഈ മെഡല്‍ജേതാവിനും ഒരുവീടുവെക്കാനുളള ഇടം നല്‍കേണ്ടേ ?
മുഹമ്മദ് അഷ്‌റഫ് എന്ന കായിക പ്രതിഭയെ അടുത്തറിഞ്ഞ ശേഷം പുത്തിഗെയിലെ കുട്ടികളുടെ മനസ്സില്‍ ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ.  എല്ലാര്‍ക്കും അഷ്‌റഫിനെപ്പോലെ കരാട്ടെ പഠിക്കണം. എതിരാളികളെ അടിച്ചുവീഴ്ത്തി മെഡലുകള്‍ നേടണം. സ്വയം പ്രതിരോധത്തിന്റെ അടവുകള്‍ സ്വായത്തമാക്കണം. നിര്‍ഭയത്തോടെ ജീവിതം പഠിക്കണം. അഷ്‌റഫ് ഒരു പാഠപുസ്തകമാണ്. സാഹചര്യങ്ങളെ മനക്കരുത്തുകൊണ്ട അതിജീവിക്കാന്‍ പഠിപ്പിച്ചവന്‍. പ്രാരാബ്ധങ്ങളെ കൈക്കരുത്തുകൊണ്ട് നേരിടാന്‍ പഠിപ്പിച്ചവന്‍. പ്രതിഭയുടെ കൈയ്യൊപ്പു ചാര്‍ത്തിയ പുസ്തകത്താളുകളില്‍ നിന്നും ഇനിയുമേറെ പഠിക്കാനുണ്ട് അഷ്‌റഫിനെക്കുറിച്ച്....
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍.സിന്ധു, പിടിഎ പ്രസിഡന്റ് അബൂബക്കര്‍ ഉറുമി, എസ്എംസി അംഗം നാരായണക്കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് മുഹമ്മദ് അഷ്‌റഫിനെ ആദരിച്ചത്. അധ്യാപകരായ എ.വി ബാബുരാജ്, പി.പി പ്രിയ, രാഹുല്‍ ഉദിനൂര്‍ , ടി.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments