JHL

JHL

കൊറോണ: മംഗളൂരു തുറമുഖത്തും വിമാനത്താവളത്തിലും പ്രത്യേക പരിശോധന

മംഗളൂരു(True News 6 February 2020): കൊറോള വൈറസ് ബാധയിൽ ലോകം ആശങ്കയിലിരിക്കെ മംഗളൂരു തുറമുഖത്തെത്തുന്ന കപ്പലുകളിലെ യാത്രക്കാരിലും വിമാനത്താവളത്തിലും   കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമുള്ള വൈറസ്‌ബാധാ പരിശോധന തുടങ്ങി. നിത്യേനയെത്തുന്ന പത്തോളം ചരക്കുകപ്പലുകളിലെയും വിനോദസഞ്ചാര സീസണായതിനാൽ എത്തിയ ആഡംബര കപ്പലിലെ യാത്രക്കാരെയും ജീവനക്കാരെയും വൈറസ് ബാധയേറ്റിറ്റുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തി. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയിലെ 1800 യാത്രക്കാരെയും 786 ജീവനക്കാരെയും പരിശോധിച്ചു. മംഗളൂരു വിമാനത്താവളത്തിലും പരിശോധന കർശനമാക്കി. വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണവും കർണാടക ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിവരുന്നുണ്ട്. അതേസമയം ദക്ഷിണ കന്നഡയുടെ അതിർത്തിജില്ലയായ കാസർകോട്ടെ കാഞ്ഞങ്ങാട്ട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് മംഗളൂരുവിലെ ആരോഗ്യവകുപ്പധികൃതർ. തുറമുഖത്തും വിമാനത്താവളത്തിലും പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും കേരളത്തിൽനിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ ഇത്തരത്തിൽ പരിശോധന നടത്താനാവാതെ കുഴയുകയാണ് ഇവിടത്തെ ആരോഗ്യവകുപ്പധികൃതർ. നിത്യേന ആയിരത്തിലേറെ വാഹനങ്ങൾ തലപ്പാടി അതിർത്തിവഴി മംഗളൂരുവിൽ എത്തുന്നുണ്ട്. ഈ വാഹനങ്ങളെല്ലാം പരിശോധിക്കുക അസാധ്യമാണെന്നും ജനങ്ങൾ ബോധവാൻമാരാവുകയാണ് ചെയ്യേണ്ടതെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാമകൃഷ്ണ റാവു പറഞ്ഞു. കൊറോണ വൈറസ് ഇതുവരെ കർണാടകയിൽ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല. മുൻകരുതലെന്നനിലയിൽ മംഗളൂരുവിലെ ജില്ലാ ഗവ. വെൻലോക് ആസ്പത്രിയിൽ 10 കിടക്കകളോടുകൂടിയ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. ദേർളഗട്ടെ കെ.എസ്.ഹെഗ്‌ഡെ ചാരിറ്റബിൾ ആസ്പത്രിയിലും നാല്‌ കിടക്കകളോടുകൂടിയ ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്. ഡോ. കെ.പ്രജ്വാളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം കൊറോളക്കെതിരേ ആസ്പത്രിയിൽ ബോധവത്കരണം നടത്തിവരുന്നുണ്ട്. ജില്ലയിൽ ആർക്കെങ്കിലും കൊറോണരോഗ ലക്ഷണമുണ്ടെങ്കിൽ 0824-2423672, 2427316 എന്നീ നമ്പറുകളിലോ ഹെൽപ്പുലൈൻ നമ്പറായ 104-ലോ ബന്ധപ്പെടണമെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.

No comments