JHL

JHL

കാറിന്റെ രഹസ്യഅറയിൽ കടത്തിയ 6.21 കോടിയുടെ സ്വർണം പിടികൂടി; പിടിയിലായത് മുംബൈ കേന്ദ്രീകരിച്ച കള്ളക്കടത്ത് സംഘത്തിലെ കണ്ണികൾ

കാസർകോട്(True News 6 February 2020): കാറിന്റെ രഹസ്യഅറയിലാക്കി തലശ്ശേരിയിൽ നിന്നു മുംബൈയിലേക്കു കടത്താൻ ശ്രമിച്ച 6.21 കോടിയുടെ സ്വർണവുമായി മഹാരാഷ്ട്ര സ്വദേശികൾ രണ്ടു പേർ കസ്റ്റംസ് പിടിയിൽ. ബേക്കൽ പള്ളിക്കര ടോൾഗേറ്റിലെ പരിശോധനയിലാണ് കാർ പിടികൂടിയത്.  മുൻ സീറ്റിന്റെ അടിയിലെ 2 വലിയ രഹസ്യഅറകളിലായിരുന്നു സ്വർണം. 17 സ്വർണക്കട്ടികളും 4 സ്വർണ ചെയിനുമടക്കം 15.525 കിലോ സ്വർണമാണ് കണ്ടെടുത്തത്.  മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ ആകാശ് കദം (23), ഖേദൻ സുറുവാസ് (28) എന്നിവരാണു പിടിയിലായത്. വിദേശത്തു നിന്നു വിവിധ വിമാനത്താവളങ്ങൾ വഴി കടത്തിയ സ്വർണം  ഉരുക്കി  കട്ടികളാക്കി ഇടപാടുകാർക്ക് എത്തിക്കാനായിരുന്നു യാത്രയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് കൊടുവള്ളിയിലെ ഇടപാടുകാരുടേതാണു സ്വർണം എന്നാണു സൂചന. പ്രതികളെ ഇന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.   രഹസ്യ  വിവരത്തെ തുടർന്നാണു കസ്റ്റംസ് സംഘം പള്ളിക്കര ടോൾ ബൂത്തിനു സമീപം കാത്തു നിന്നത്. മഹാരാഷ്ട്ര റജിസ്ട്രേഷൻ  കാറിലുണ്ടായിരുന്ന യുവാക്കളെ കസ്റ്റംസ് ഓഫിസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണു രഹസ്യഅറ വെളിപ്പെടുത്തിയത്. മുൻ സീറ്റുകൾക്കും മാറ്റിനും അടിയിൽ 15 സെന്റിമീറ്ററോളം താഴ്ചയിലും 45 സെന്റിമീറ്റർ വീതിയിലുമായിരുന്നു ലോക്ക് സഹിതമുള്ള അറകൾ. കസ്റ്റംസ് കണ്ണൂർ ഡിവിഷന്റെ രണ്ടാമത്തെ വൻ സ്വർണവേട്ടയാണിതെന്ന്  കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ് പറഞ്ഞു. 1988ൽ ഇരിക്കൂറിൽ നിന്ന് 1600 സ്വർണ ബിസ്കറ്റ് പിടികൂടിയതാണ് ഏറ്റവും വലുത്.
ഗൾഫ്, മുംബൈ കേന്ദ്രങ്ങമായുള്ള വൻകിട കുഴൽപ്പണ–സ്വർണ വ്യാപാര ശൃംഖലയിൽപ്പെട്ട വാഹകർ. മാർവാഡികളുടെ പ്രധാന കേന്ദ്രമായ സാംഗ്ലി സ്വദേശികളായ ആകാശ് കദം, ഖേദൻ സുറുവാസ് എന്നിവർ ഏതാനും വർഷങ്ങളായി വാഹകരായി പ്രവർത്തിക്കുകയാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സ്വർണത്തിന്റെ ഉടമ ആരെന്നതോ കാറിൽ സ്വർണം ഉണ്ടായിരുന്നുവോയെന്നും തങ്ങൾക്കു അറിയില്ലെന്നാണ് കസ്റ്റംസിൽ ഇവർ നൽകിയ മൊഴി.  ഡ്രൈവർമാരായ തങ്ങൾ തലശ്ശേരിയിൽ നിന്നു മുംബൈയിലേക്കു പോകാനായി ഏൽപ്പിച്ച കാറുമായി യാത്ര ചെയ്യുകയായിരുന്നുവെന്നും ട്രിപ്പിനു 25000 രൂപ പ്രതിഫലം കിട്ടുമെന്നുമാണ് ഇവർ പറയുന്നത്. കൊടുവള്ളിയിലെ ഇടപാടുകാരുടെതാണ് സ്വർണമെന്നാണ് സൂചന. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന കർശന നടപടികളും നോട്ടുനിരോധനവും ജിഎസ്ടിയും വന്നതിനു പിന്നാലെയാണ് ഇന്ത്യയിൽ കുഴൽപ്പണ – സ്വർണ വ്യാപാര ഇടപാട് വർധിച്ചത്.

No comments