JHL

JHL

ബദിയടുക്ക- പെര്‍ള പാതയില്‍ മരം കടപുഴകി വീണു; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

 

ബദിയടുക്ക(www.truenewsmalayalam.com) : മരം കടപുഴകി വീണു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ബദിയടുക്ക- പെര്‍ള പാതയിലെ കരിമ്പിലയിലാണ് കൂറ്റന്‍ മരം കടപുഴകി വീണത്. 

ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതകൂടിയാണിത്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹന സഞ്ചാരം കുറവായിരുന്നു. അത്കൊണ്ട് വന്‍ ദുരന്തം ഒഴിവായി. 

പിന്നിട് നാട്ടുകാരും ബദിയടുക്ക പൊലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കം ചെയ്തതിന് ശേഷം ഗതാഗതം പുനഃ സ്ഥാപിച്ചു. ഇത്തരത്തില്‍ ഇതേ പാതയിലെ എടനീര്‍ മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡരികില്‍ അപകടം വിളിച്ചു വരുത്തുന്ന രീതിയില്‍ റോഡിലേക്ക് വീഴാവുന്ന തരത്തില്‍ നിരവധി മരങ്ങളുണ്ടെങ്കിലും അവ മുറിച്ച് നീക്കംചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

 കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് കരിമ്പിലയില്‍ കുന്നിന്‍ ചെരിവില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒരു മാസത്തോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങിയിരുന്നു. പിന്നിട് ഗതാഗതത്തിന് തടസ്സമുണ്ടാവുന്ന തരത്തിലുള്ള മണ്ണ് നീക്കം ചെയ്തുവെങ്കിലും പൂര്‍ണ്ണമായും നീക്കം ചെയ്യാത്തതു മൂലം ഈ വര്‍ഷവും ആദ്യത്തെ മഴക്ക് മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കെയാണ് കൂറ്റന്‍ മരം റോഡിലേക്ക് വീണത്.





No comments