JHL

JHL

മിൽമയെ തോളിലേറ്റി 45 വർഷം: മുഹമ്മദ് ബന്നങ്കുളത്തിന് ലോക ക്ഷീര ദിനത്തിൽ മൊഗ്രാൽ ദേശീയവേദിയുടെ ആദരവ്.

മൊഗ്രാൽ : 1980 മുതൽ കുമ്പളയിലും, സമീപപ്രദേശങ്ങളിലും വീടുകളിൽ മിൽമപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ്  ബന്നങ്കുളത്തിന് മൊഗ്രാൽ ദേശീയ വേദിയുടെ ആദരം. ലോക ക്ഷീര ദിനത്തിലാണ് നാലര പതിറ്റാണ്ടു കാലമായി  ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്ന മിൽമ വില്പനക്കാരനായ മുഹമ്മദിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചത്.  കർണാടക വിട്ട്ള സ്വദേശിയാണ് മുഹമ്മദ്. 1980ൽ ജോലിതേടി കുമ്പളയിൽ എത്തുകയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ മിൽമപ്പാലും, ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരുന്നു. തുടക്കം സൈക്കിളിലായിരുന്നു ജോലി. പിന്നീട് ഒരു സ്കൂട്ടർ ഒപ്പിച്ചു അതിലൂടെയാണ് മുഹമ്മദിന്റെ ഈ ജീവിതയാത്ര...

ദേശീയവേദി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് മൊഗ്രാലിലെ ക്ഷീരകർഷകൻ മൂസ ഉമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ  ഷാൾ അണിയിച്ചും, ജനറൽ സെക്രട്ടറി ടി കെ ജാഫർ ഉപഹാരം നൽകിയും മുഹമ്മദിനെ ആദരിച്ചു.

ചടങ്ങിൽ ദേശീയവേദി ഗൾഫ് പ്രതിനിധി എൽ ടി മനാഫ്, ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട്, ദേശീയവേദി മുൻ പ്രസിഡണ്ടുമാരായ ടി കെ അൻവർ,മുഹമ്മദ് അബ്‌കോ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ബന്നങ്കുളം നന്ദി പറഞ്ഞു.


No comments