JHL

JHL

ദേശീയപാതാ വികസനം, സർവകക്ഷിയോഗം വിളിക്കണം; സി.പി.ഐ.

കാസർകോട്(www.truenewsmalayalam.com) : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രയാസങ്ങൾ ചർച്ചചെയ്യാൻ ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് സർവകക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് യോഗം കളക്ടറോട് ആവശ്യപ്പെട്ടു. ദേശീയപാത ആറുവരിയാക്കുന്ന നിർമാണത്തിന്റെ പദ്ധതിപ്രകാരം റോഡിന്റെ ഇരുഭാഗങ്ങളിലേക്കും ജനങ്ങൾക്കും വാഹനങ്ങൾക്കും മുറിച്ചുകടക്കാൻ പറ്റാത്തവിധത്തിൽ മതിലുകൾ ഉയരുകയാണ്. ദേശീയപാത അതോറിറ്റി നിശ്ചയിക്കുന്ന വഴിയിലൂടെയല്ലാതെ റോഡിന് കുറുകെ നടന്നുപോകാനോ വാഹനങ്ങൾക്ക് കടന്നുപോകാനോ കഴിയില്ല.

ആറുവരിപ്പാതയുടെ പദ്ധതി റിപ്പോർട്ട് പ്രകാരം ജില്ലയിൽ 31 വഴികളാണ് നിശ്ചിയിച്ചിട്ടുള്ളത്. മേൽപ്പാത, അടിപ്പാത, ചെറുവാഹനങ്ങൾക്കുള്ള അടിപ്പാത, മേൽനടപ്പാത എന്നിങ്ങനെയാണ് 31 കേന്ദ്രങ്ങൾ. തലപ്പാടിയിൽനിന്ന് കാലിക്കടവിലേക്ക് 86 കിലോമീറ്റർ ദൂരമുണ്ട്. അതിനിടയിൽ 31 കേന്ദ്രങ്ങൾ എന്ന് പറഞ്ഞാൽ ജനങ്ങൾക്കും വാഹനങ്ങൾക്കും റോഡ് മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. റോഡിന് ഇരുവശത്തെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോകാൻ റോഡ് മുറിച്ചുകടക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടുന്ന ഈ അവസ്ഥയെക്കുറിച്ച് ജനങ്ങൾ ആശങ്കയിലാണ്.

 ഗതാഗതത്തിന് ആധുനികരീതിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമ്പോഴും ജനങ്ങൾക്ക് റോഡിന്റെ മറുവശത്തെത്താൻ പ്രയാസപ്പെടുന്ന അവസ്ഥ പരമാവധി കുറയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എസ്. കുര്യാക്കോസ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവംഗം സി.പി. മുരളി, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു.


No comments