JHL

JHL

പ്രശസ്ത മലയാള സിനിമാനടൻ സത്താർ അന്തരിച്ചു

കൊച്ചി:(www.truenewsmalayalam.com  Spet17., 2019) പ്രശസ്ത മലയാള സിനിമാ നടന്‍ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ റ്റീ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു പ്രേം നസീർ , മധു  തുടങ്ങിയ ആദ്യകാല സൂപ്പർസ്റ്റാറുകളുടെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . 

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍.










No comments