JHL

JHL

കേരളപ്പിറവി ദിനം; മുഖ്യമന്ത്രിയുടെ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡലുകൾ വിതരണം ചെയ്തു; കുമ്പള പോലീസ് സ്റ്റേഷനിലെ പ്രതീഷ് ഗോപാലിന് പോലീസ് മെഡൽ

തിരുവനന്തപുരം (True News 1 November 2019):  കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  മുഖ്യമന്ത്രിയുടെ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡലുകൾ വിതരണം ചെയ്തു; കുമ്പള പോലീസ് സ്റ്റേഷനിലെ പ്രതീഷ് ഗോപാലിന് മുഖ്യമന്ത്രിയുടെ  പോലീസ് മെഡൽ ചടങ്ങിൽ വിതരണം ചെയ്തു.

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.

സാങ്കേതികവിദ്യ പരമാവധി വിനിയോഗിച്ചെങ്കിൽ മാത്രമേ മാറുന്ന ലോകക്രമത്തിൽ പിടിച്ചുനിൽക്കാനാവൂ എന്നു മനസിലാക്കിയാണ് കേരള പോലീസ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളത്. നിർമിതബുദ്ധി അടിസ്ഥാനമാക്കി പോലീസിന്റെ സഹായവും സാന്നിധ്യവുമില്ലാതെ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിൽവരെ എത്തിനിലക്കുകയാണ്.
63 വർഷം കൊണ്ട് കേരള പോലീസിൽ സമാനതകളില്ലാത്ത മാറ്റവും വികാസവുമാണുണ്ടായത്. തിരുക്കൊച്ചി-മലബാർ പോലീസുകൾ ലയിച്ച് കേരളാപോലീസ് രൂപീകൃതമായത് കേരളപ്പിറവി ദിനത്തിലാണ്. കുറ്റാന്വേഷണത്തിനും വിവരശേഖരണത്തിനും ട്രാഫിക്കിനും സുരക്ഷയ്ക്കുമൊക്കെയായി പ്രത്യേക വിഭാഗങ്ങൾ വന്നു.

ഒപ്പം സാങ്കേതികവിദ്യയുടെ കടന്നുവരവും പോലീസ് സേന വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുന്നുണ്ട്. സേനയുടെ അംഗത്വം വർധിച്ചു. സമൂഹനൻമയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളത്. പോലീസിന്റെ പ്രവർത്തനശൈലി അടിമുറി മാറിയിട്ടുണ്ട്.
കുറ്റാന്വേഷണം മാത്രമല്ല, സാമൂഹികസേവനവും പോലീസിന്റെ പരിധിയിൽ വരും. പോലീസിന്റെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വന്നിട്ടുണ്ട്. 1957 ലെ ഇ.എം.എസ് സർക്കാരിന്റെ കാലം മുതലുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് മാറ്റങ്ങൾ വന്നത്.

പോലീസിന്റെ പുനഃസംഘടന ലക്ഷ്യമിട്ട് നിയമിക്കപ്പെട്ട എം.സി ചാറ്റർജി കമ്മീഷന്റെ ക്രിയാത്മകമായ നിർദേശങ്ങൾ പോലീസിന്റെ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിലായിരുന്നു. പിന്നീടുവന്ന സർക്കാരുകൾ ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിഷ്‌കരണത്തിന് പങ്ക് വഹിച്ചു. സേവനവ്യവസ്ഥകൾ, ഡ്യൂട്ടി സമയം പരിഷ്‌കരിക്കൽ ഒക്കെ ഇതിന്റെ തുടർച്ചയാണ്.

കുറ്റാന്വേഷണമികവിൽ രാജ്യത്തെ ഏതൊരു പോലീസ് സേനയെക്കാളും മുന്നിലാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണമികവ് രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെട്ടതാണ്. നാടിനെ നടുക്കിയ കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ കഴിഞ്ഞത് പോലീസിന്റെ കഴിവുറ്റ പ്രവർത്തനം മൂലമാണ്.

പോലീസിന്റെ സാങ്കേതികസംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പോലീസ് ടെക്നോളജി സെൻറർ ആരംഭിക്കുന്നത്. എട്ടുകോടി രൂപ മുടക്കി എസ്.എ.പി ക്യാമ്പസിൽ നിർമിക്കുന്ന സ്ഥാപനം പൂർത്തിയാകുമ്പോൾ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും മികവേറിയ സ്ഥാപനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മുഖ്യമന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡൽ, പോലീസ് നായ്ക്കൾക്കായി ഏർപ്പെടുത്തിയ കനൈൻ മെഡലുകൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. 131 അംഗ കെ-9 സ്‌ക്വാഡിലെ 10 പോലീസ് നായകൾക്കാണ് ആദ്യമായി ഏർപ്പെടുത്തിയ കനൈൻ മെഡൽ ലഭിച്ചത്.

എസ്.എ.പി വളപ്പിൽ സ്ഥാപിക്കുന്ന കേരള പോലീസ് ടെക്നോളജി സെൻററിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

No comments