JHL

JHL

ചൊവ്വാഴ്ച ജില്ലയിൽ കടയടപ്പ് സമരം.

കാസർകോട്(www.truenewsmalayalam.com) : ചൊവ്വാഴ്ച ജില്ലയിൽ കടയടപ്പ് സമരം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരേ ചൊവ്വാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തും.ജില്ലാ ഭാരവാഹികൾ കളക്ടറേറ്റിന്‌ മുന്നിലും, മേഖല യൂണിറ്റ് ഭാരവാഹികൾ താലൂക്ക് ഓഫീസിന് മുന്നിലും ഉപവസിക്കും. രോഗസ്ഥിരീകരണനിരക്ക് അടിസ്ഥാനമാക്കി കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം ഒഴിവാക്കുക, മുഴുവൻ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുവദിക്കുക, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കളക്ടറേറ്റിന് സമീപം ടി.ബി. റോഡ് ജങ്‌ഷനിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉപവാസസമരം ഉദ്ഘാടനം ചെയ്യും. സമരം വിജയമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷനായി. ശങ്കരനാരായണമയ്യ, എ.എ. അസീസ്, ബി. വിക്രം പൈ, ടി.എ. ഇല്യാസ്, ഹരിഹര സുധൻ, ശശിധരൻ ജി.എസ്., ശിഹാബ് ഉസ്മാൻ, കെ.ജെ. സജി, മാഹിൻ കോളിക്കര എന്നിവർ സംസാരിച്ചു. 




No comments