JHL

JHL

ജില്ലയിലെ കൃഷി ഭവനുകൾ ഓഫീസർമാരില്ലാതെ അനാഥാവസ്ഥയിൽ; സർക്കാർ അടിയന്തിരമായി ഇടപെടണം: എ.ജി.സി. ബഷീർ

കാസർകോട് (True News, Nov2, 2019): ജില്ലയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കൃഷിഭവനുകളിൽ കൃഷി ഓഫീസർമാരില്ലാതെ അനാഥാവസ്ഥയിലായതിനാൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറിന് കത്തയച്ചു. പൊതുവെ പിന്നോക്ക ജില്ലയായി കണക്കാക്കുന്ന കാസർകോട് ജില്ലയിൽ എട്ടോളം കൃഷി ഓഫിസർമാരില്ല. അതേസമയം ബേഡഡുക്ക കൃഷി ഭവനിലെ കൃഷി ഓഫീസർ വർക്ക് അറേഞ്ച്മെന്റിൽ തൃശ്ശൂർ ജില്ലയിലെ ആതിരപ്പള്ളി പട്ടികവർഗ്ഗ സ്പെഷ്യൽ  സെക്ടർ പ്രോജെക്ടിൽ ജോലി ചെയ്യുന്നു. ശമ്പളം ബേഡഡുക്കയിൽ നിന്നും ജോലി ആതിരപ്പള്ളിയിലും.  ആദൂർ കശുവണ്ടി ഫാം ഓഫീസർ തസ്തികയോടെ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുന്നു. ഫാം തികഞ്ഞ അനാഥാവസ്ഥയിലും.                                                                                           ജൈവ ജില്ലയായ കാസർകോട് ജില്ലയ്ക്ക് നീണ്ട കാലത്തെ മുറവിളിക്ക് ശേഷം സർക്കാർ അനുവദിച്ച മണ്ണ് പരിശോധനാ വണ്ടി ഡ്രൈവർ ഇല്ലാതെ നോക്ക് കുത്തിയായി കിടക്കുന്നു. ഡ്രൈവർ തസ്തിക പോലും അനുവദിച്ചില്ല. എന്നാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൃഷി വകുപ്പിൽ  നിരവധി ഡ്രൈവർമാർ ജോലിയില്ലാതെ ശമ്പളം പറ്റുന്ന സ്ഥിതിയാണ്. അവരെ വർക്ക് അറേഞ്ച്മെന്റിൽ പോലും കാസർകോട് ജില്ലയിലേക്ക് ഉപയോഗിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ കാസർകോട്, പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമുകൾ മാസങ്ങളോളമായി നാഥനില്ലാ കളരിയാണ്. ഫാം പ്രവർത്തനങ്ങൾ ആകെ കുത്തഴിഞ്ഞ നിലയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി ഓഫീസർമാരാണ് ഇവിടെ ചുമതലയേറ്റ് സ്ഥലം മാറിപ്പോയത്. കൃഷി വകുപ്പിൽ  പ്രമോഷനാകുന്നവർക്ക് ജോയിൻ ചെയ്യാനുള്ള ഒരു ഇടത്താവളമായി മാത്രം കാസർകോട് ജില്ലയെ കാണുന്നത് ഖേദകരമാണ്. പല പോസ്റ്റുകളിലും ജോയിൻ ചെയ്യാൻ വരുന്നവർ നിയമന ഉത്തരവിനൊപ്പം സ്ഥലം മാറ്റ ഉത്തരവുമായാണ് വരുന്നത്. 
ഒരു ജൈവ ജില്ല കൂടിയായ കാസർകോട് ജില്ലയോട് കൃഷി വകുപ്പ് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണമെന്നും ഒഴിവുകൾ നികത്താനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എ.ജി.സി. ബഷീർ  കത്തിൽ ആവശ്യപ്പെട്ടു

No comments