JHL

JHL

സംസ്ഥാന സർക്കാരിന്റെ ഭരണം കേന്ദ്രത്തിന്റെ കാർബൺ കോപ്പി; കെ.മുരളീധരൻ എം.പി.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാന സർക്കാരിന്റെ ഭരണം കേന്ദ്രത്തിന്റെ കാർബൺ കോപ്പിയാണെന്ന്‌ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാർഷികവും മുൻമന്ത്രി സി.ടി.അഹമ്മദലിയെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ മന്ത്രിമാർക്ക് പ്രധാനമന്ത്രിയെ കാണാൻ കാത്തിരിക്കേണ്ടി വരുന്നതുപോലെ സംസ്ഥാനത്ത് മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ധനവിലവർധന കുറയ്ക്കുന്ന കാര്യത്തിൽ സി.പി.എം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കിയിരിക്കുകയാണ്.

കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളോട് ഇന്ധനനികുതിയുടെ അധികവരുമാനം കുറയ്ക്കാൻ രാഹുൽഗാന്ധി നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് സർക്കാർ ചരിത്രത്തിലാദ്യമായി വില കുറച്ചെന്നും രാജസ്ഥാനും കുറയ്ക്കുന്നതോടെ സംസ്ഥാന ധനമന്ത്രിക്ക് കോൺഗ്രസിനെ കുറ്റം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ച സി.ടി.അഹമ്മദലിയെ അദ്ദേഹം ആദരിച്ച്‌ ഉപഹാരം കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുള്ള അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം.അഷ്‌റഫ് എം.എൽ.എ., എ.അബ്ദുൾറഹ്‌മാൻ, എം.സി.ഖമറുദ്ദീൻ, അബ്ദുൾ റഹ്‌മാൻ കല്ലായി, കല്ലട്ര മാഹിൻ ഹാജി, അഷറഫ് എടനീർ എന്നിവർ സംസാരിച്ചു.





No comments