JHL

JHL

പള്ളിയിലേക്ക് ആശംസകളുമായി ക്ഷേത്ര ഭാരവാഹികൾ


ഉദുമ : പള്ളിയും പള്ളിയറയും ഒന്നാണെന്ന സന്ദേശവുമായി ക്ഷേത്രഭാരവാഹികൾ ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമയിലെത്തി. വെള്ളിയാഴ്ച ഉദ്ഘാടനച്ചടങ്ങ് നടക്കാനിരിക്കെയാണ് ബാര മുക്കുന്നോത്ത് കാവ് ഭഗവതിക്ഷേത്ര ഭരണസമിതി ഭാരവാഹികൾ ആശംസകൾ അർപ്പിക്കാനെത്തിയത്. പള്ളിയിൽ നടക്കുന്ന അന്നദാനചടങ്ങിനാവശ്യമായ അരിയും പഞ്ചസാരയും ക്ഷേത്രഭാരവാഹികൾ കൈമാറി. ഉദുമ ടൗൺ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ പുതുക്കി പണിത ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമയുടെ ഉദ്ഘാടനത്തോടത്തോടനുബന്ധിച്ച് ജാതിമത ഭേദമന്യേ എല്ലാവർക്കും പള്ളി കാണാൻ അവസരമൊരുക്കിയിരുന്നു. നവരാത്രി ഉത്സവത്തിരക്കിലായിരുന്ന മുക്കുന്നോത്ത് കാവ് ക്ഷേത്രഭാരവാഹികളെയും പള്ളിയിലേക്ക് ക്ഷണിച്ചിരുന്നു. സ്നേഹവും സാഹോദര്യവും സൗഹൃദവും പങ്കിട്ട് ക്ഷേത്ര കമ്മിറ്റി ആശംസകൾ അർപ്പിക്കാനെത്തിയപ്പോൾ പള്ളിക്കമ്മിറ്റിക്കാർ മധുരം നൽകി വരവേറ്റു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ എം. കുഞ്ഞിക്കണ്ണൻ നായർ, ജനറൽ സെക്രട്ടറി കെ. കരുണാകരൻ നായർ, ഖജാൻജി രാധാകൃഷ്ണൻ മുക്കുന്നോത്ത്, എ.വി. ഹരിഹരസുതൻ, സി. കുഞ്ഞിരാമൻ, കൃഷ്ണൻ പാറ, രാജേഷ് മുക്കുന്നോത്ത്, തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

No comments