JHL

JHL

സ്കൂട്ടറിൽ സഞ്ചരിക്കവെ വൈദ്യുതി കമ്പി കഴുത്തിൽ കുരുങ്ങി ഷോക്കേറ്റ് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ മരിച്ചു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വൈദ്യുതി കമ്പി കഴുത്തിലും ദേഹത്തും കുരുങ്ങി ഷോക്കേറ്റ് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊവ്വൽപ്പള്ളി മന്ന്യോട്ട് ദാര വളപ്പിൽ ഡി.വി.ബാലകൃഷ്ണൻ (70) മരിച്ചു. സ്കൂട്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന കൊച്ചുമകൻ നിഹാൽ (5)‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.55ന് കൂളിയങ്കാൽ പടിഞ്ഞാർ-മന്ന്യോട്ട് അമ്പലം റോഡ് ഇടവഴിയിലാണ് സംഭവം. മകളുടെ മകനെ ‍ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടി വരുന്നതിനിടെയായിരുന്നു അപകടം.

ഇടവഴിയുടെ ഇരുഭാഗത്തും മതിലാണ്. മതിലിനോട് ചേർന്ന് താഴ്ന്നു കിടന്ന വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.  പ്രാഥമിക ശ്രുശൂഷ നൽകി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന മാറ്റിൽ ചവിട്ടി നിന്നതിനാലാകും കുട്ടിക്കു ഷോക്കേൽക്കാതിരുന്നതെന്നു രക്ഷാപ്രവർത്തനം നടത്തിയ എം.കെ.റഹ്മാൻ പറഞ്ഞു. ഭാര്യ: ഗൗരി. മക്കൾ: നവ്യ, ദിവ്യ. മരുമക്കൾ: വസന്തൻ, സൂരജ് (ഇരുവരും സൈനികർ). സഹോദരങ്ങൾ: മീനാക്ഷി, ഓമന, ദാമോദരൻ.


No comments