JHL

JHL

ലിഫ്റ്റ് കേടായ സംഭവം; ജനറൽ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി.

കാസർഗോഡ് (www.truenewsmalayalam.com) : റാംപ് ഇല്ലാത്ത ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെത്തുടർന്നു ചുമട്ടുതൊഴിലാളികൾ മൃതദേഹം ചുമന്നു ഇറക്കാൻ ഇടയാക്കിയ സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. അഡീഷനൽ ഡയറക്ടർ ജോസ് ജി. ഡിക്രൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  കേടായ ലിഫ്റ്റ് ഉൾപ്പെടെ പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു വസ്തുതകൾ ആരാഞ്ഞു. റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിനു സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലിഫ്റ്റ് കേടായതിനെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ചേർന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. 

നിലവിലെ പ്രശ്നങ്ങളും അതിനുള്ള പരിഹാരത്തിനുള്ള നിർദേശങ്ങളും തേടി നിലവിലുള്ള കേടായ ലിഫ്റ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കുക, മറ്റൊരു പുതിയ ലിഫ്റ്റ് സ്ഥാപിക്കാനും റാംപ് സ്ഥാപിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ അഭിപ്രായങ്ങളും നി‍ർദേശങ്ങളുമാണു യോഗത്തിൽ ഉയർന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം, ഡപ്യൂട്ടി ഡിഎംഒ ഡോ.ഗീതാഗുരുദാസ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസി.എക്സി.എൻജിനീയർ വൈ.കെ.രവികുമാർ,  പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എ.സതീഷ് കുമാർ, അസി.എൻജിനീയർ ടി.മുരളീധരൻ, നഗരസഭ എൻജിനീയർ എൻ.ഡി.ദിലീഷ്, ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് മിനി ജോസഫ്, കെ.വി.സുനിത, അശോക് കുമാർ, ആർ.വി.രഞ്ജിത് തുടങ്ങിയവർ യോഗത്തിൽ ഹാജരായി. 

ലിഫ്റ്റ് നവീകരിക്കാൻ 15 ലക്ഷം

കേടായ ലിഫ്റ്റ് നവീകരിക്കാൻ  15 ലക്ഷം രൂപ അനുവദിക്കാൻ ആശുപത്രി മാനേജ്മെന്റ് വികസന സമിതി യോഗം തീരുമാനിച്ചു. നിലവിലുള്ള ലിഫ്റ്റ് കമ്പനിയുടെ ഉൾപ്പെടെ 2 കമ്പനികളുടെ എസ്റ്റിമേറ്റ് ആണ് നവീകരണ പ്രവർത്തിക്കു കിട്ടിയിട്ടുള്ളത്. പണം വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതി നൽകിയ ശേഷം പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കും. തുടർന്നു ടെൻഡർ ചെയ്യാതെ തന്നെ  ബന്ധപ്പെട്ട കമ്പനിക്കു നേരിട്ടു പ്രവർത്തി നൽകാനാണ് ആശുപത്രി വികസന സമിതി നിർദേശം. പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകാൻ തീരുമാനിച്ചതായി സൂപ്രണ്ട് കെ.കെ.രാജാറാം പറഞ്ഞു.

ഒരു കാലതാമസവും കൂടാതെ ലിഫ്റ്റ് നവീകരണം ഉടൻ പൂർത്തിയാക്കുന്നതിനാണ് ഊന്നൽ. ലിഫ്റ്റ് കേടായ സാഹചര്യത്തിൽ രോഗികളെ കയറ്റാനും ഇറക്കാനുമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ച 2 പേരുടെ സേവനം ഒരു മാസം തുടരാൻ തീരുമാനിച്ചു. ഇവർ ഉണ്ടെങ്കിലും ബിഎംഎസ് ചുമട്ടു തൊഴിലാളികളുടെ ഹെൽപ് ഡെസ്ക് തുടരുന്നുണ്ട്. ആശുപത്രി മാനേജ്മെന്റ് വികസന സമിതി യോഗത്തിൽ നഗരസഭ ചെയർമാൻ വി.എം.മുനീർ അധ്യക്ഷത വഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, ജനറൽ ആശുപത്രി സൂപ്രണ്ട് കെ.കെ.രാജാറാം, ഡപ്യൂട്ടി സൂപ്രണ്ട് എ.ജമാൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


No comments