JHL

JHL

തെരഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക കലാപത്തിന് ശ്രമം; മിയാപദവിലും പത്വാടിയിലും യുവാക്കൾക്ക് നേരെ വധശ്രമം

ഉപ്പള (True News 10 October 2019):   തെരഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക കലാപത്തിന് ശ്രമം നടക്കുന്നതായി സംശയം. മിയാപദവിലും പത്വാടിയിലും യുവാക്കൾക്ക് നേരെ വധശ്രമം

 മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസലാണ് (25) അക്രമത്തിനിരയായത്. മിയാപദവ് ടൗണിന് സമീപം ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനു നേരെ ആക്രമണം. പരിക്കേറ്റ യുവാവിനെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുഹൃത്തുക്കള്‍ക്കൊപ്പംസംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മുഖം മൂടി ധരിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘമെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ആദ്യം ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

വ്യാഴാഴ്ച്ച പുലർച്ചെ ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ടാരിയുടെ മകൻ പ്രണവ് (26) ഭണ്ടാരിക്കാണ് വെട്ടേറ്റത്.വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആർമി റിക്യൂർട്ട്മെന്റിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു.ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്നാണ് സൂചന. തെരെഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക സംഘർഷം ലക്ഷ്യമാക്കിയാണ് അക്രമം നടത്തിയതെന്നാണ്  നിഗമനം.



No comments